ജീവനക്കാരുടെ ആനുകൂല്യം നൽകണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്; കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: ജീവനക്കാരുടെ ആനുകൂല്യം നൽകണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും ഡിഎ അടക്കം ഘട്ടംഘട്ടമായി നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഒന്നും രണ്ടും വർഷത്തെ ആനുകൂല്യങ്ങൾ ഒരുമിച്ചുകൊടുക്കുന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളുമൊക്കെയാണ് അപകടമെന്നു പറഞ്ഞ് ഇതൊക്കെ നിർത്താൻ തീരുമാനിച്ച യുഡിഎഫ് കാലത്തെ സമീപനമല്ല നിലവിലെ സർക്കാരിന്റേത്.

എല്ലാ ആനുകൂല്യങ്ങളും കൊടുക്കണമെന്നാണ് അഭിപ്രായം. അത് ഉത്തരവാദിത്വത്തോടെ ചെയ്യും. 57,000 കോടി രൂപയാണ് കേന്ദ്രം ഈ വർഷം വെട്ടിക്കുറച്ചത്. ഈ സാഹചര്യം കണ്ണുതുറന്നു നോക്കാൻ പ്രതിപക്ഷവും അവരുടെ സംഘടനകളും തയ്യാറാകുന്നില്ല. ഇന്ത്യയിലാകെ നടന്ന പിഎസ്സി നിയമനങ്ങളുടെ 60 ശതമാനവും ഇവിടെയാണ്. കേരളത്തെ സംരക്ഷിക്കാൻ എല്ലാ ജനങ്ങളും ജീവനക്കാരും ഒരുമിച്ച് നിൽക്കണം.

യഥാർത്ഥ കാരണങ്ങളിൽനിന്ന് ഒളിച്ചോടാനാണ് പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച സമരം. ഈ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. കേരളത്തിന് അർഹമായ വിഹിതം മുടക്കുന്ന ബിജെപിയുമായി ചേർന്നാണ് കോൺഗ്രസിന്റെ സമരം. കോവിഡ് കാലത്തും ശമ്പളവും പെൻഷനും പരിഷ്കരിച്ച ഏക സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാകും ബജറ്റിൽ ഊന്നൽ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

