KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത് ​ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ആരംഭിച്ചു

മംഗലപുരം/ തിരുവനന്തപുരം: തിരുവനന്തപുരത്ത് ​ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഉറക്കവും സ്വപ്നവും തലച്ചോറിന്റെ പ്രവര്‍ത്തനവുമൊക്കെ എങ്ങനെയാണെന്ന് അറിയണമെങ്കില്‍ വൈകിക്കേണ്ട… ​ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലുണ്ട് ഭീമനൊരു എഐ തലച്ചോര്‍ പഠിക്കാനുള്ള അവസരം. കംപ്യൂട്ടേഷണല്‍ ഉപകരണങ്ങള്‍ മനുഷ്യമനസ്സിനെ എങ്ങനെ വിപുലീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നതിന്റെ വിശദീകരണവും പവിലിയനിലുണ്ട്.  ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും അനിമേഷന്റെയും സംവാദാത്മക പ്രദര്‍ശനവസ്തുക്കളുടേയുമെല്ലാം സഹായത്തോടെയാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത്.

വെളിച്ചം പതിക്കുമ്പോള്‍ കണ്ണിന്റെ റെറ്റിന ചുരുങ്ങുന്നതും വെളിച്ചം കുറയുമ്പോള്‍ വികസിക്കുന്നതും മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ സഹായത്തോടെ ഇവിടെ കാണാനാകും. തലച്ചോറിന്റെ ഓരോ ഭാഗവും എന്തൊക്കെ ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നതെന്ന് നിഷ്‌പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും. ഇരുപതോളം ലൈറ്റ് ബോക്സുകളും അത്രത്തോളം സംവാദാത്മക സ്ക്രീനുകളുമെല്ലാം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.  വെളിച്ചവിന്യാസത്തോടെയുള്ള തലച്ചോറിന്റെ വലിയ ഇന്‍സ്റ്റലേഷനും പവിലിയനിലുണ്ട്. കാഴ്ചകള്‍ വിശദീകരിച്ചുനല്‍കാന്‍ വളന്റിയര്‍മാരായി എന്‍സിസി കേഡറ്റുകളാണ് ഇവിടെയുള്ളത്.

 

കണ്‍നിറയ്ക്കും ആകാശക്കാഴ്ചകള്‍

Advertisements

ഗോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ നൈറ്റ് സ്‌കൈവാച്ച് ആൻഡ് ടെന്റിങ്ങിന്‌ തുടക്കമായി. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽനിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ആധുനിക ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചുള്ള വാനനിരീക്ഷണ ക്യാമ്പും ചൊവ്വാഴ്ച രാത്രി ഏഴോടെ ആരംഭിച്ചു. വാനനിരീക്ഷണത്തിനു ശേഷം ടെന്റുകളിൽ താമസവും ഭക്ഷണവും ഫെസ്റ്റിവലിലെ മുഴുവൻ പ്രദർശനങ്ങളും ആസ്വദിക്കാനുള്ള ടിക്കറ്റും അടങ്ങുന്നതാണ് പരിപാടി. ഫെസ്റ്റിവൽ കാലയളവിലെ ചൊവ്വ, ശനി, ഞായർ ദിവസങ്ങളിലാണ് സ്‌കൈവാച്ചിങ് ഉണ്ടാകുക. നാലുപേർക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേർക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറൽ ബാങ്ക് വഴിയും www.gsfk.org വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിവരങ്ങൾ വെബ്സൈറ്റിൽ.

 

ശാസ്‌ത്രജ്ഞരോട്‌ സംവദിച്ച്‌ കുട്ടികൾ

റോക്കറ്റിന് പിന്നിലെ ശാസ്ത്രവും രഹസ്യങ്ങളും കഥപോലെ വിവരിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസിലെ കുട്ടികളായിരുന്നു ​ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാ​ഗമായി നടന്ന സെമിനാറിലെ ശ്രോതാക്കള്‍.  ‘ഇന്‍ട്രൊഡക്ഷന്‍ ടു ലോഞ്ച് വെഹിക്കിള്‍സ് ആന്‍ഡ് സാറ്റലൈറ്റ്’ വിഷയത്തില്‍ ഡോ. ഷീജു ചന്ദ്രന്‍, ‘എനര്‍ജി സിസ്റ്റംസ് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍സ്’ വിഷയത്തില്‍ ഡോ. ഷനീത്, ‘സ്പേസ് ആന്‍ഡ് ആപ്ലിക്കേഷന്‍’ എന്ന വിഷയത്തില്‍ ഡോ. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. ജെയ്‌സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇന്ററാക്ഷന്‍ സെക്ഷന്‍ നടത്തി.

മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച്‌ സുരക്ഷിതമായി തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആര്‍ഒ തയ്യാറാക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതിയെക്കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു. റോക്കറ്റില്‍ ഖര ഇന്ധനത്തിന്‌ പകരം ദ്രവ ഇന്ധനം ഉപയോഗിക്കുമ്പോഴുള്ള വ്യത്യാസം, ബഹിരാകാശ പര്യവേഷണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ടൈം ട്രാവല്‍, ടൈം മെഷീന്‍ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം സി ദത്തന്‍, ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ ഡോ. ജി വെങ്കിട്ട്‌നാരായണ, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ക്യൂറേറ്റര്‍ വൈശാഖന്‍ തമ്പി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ എസ് കീര്‍ത്തന തുടങ്ങിയവര്‍ പങ്കെടുത്തു.