KOYILANDY DIARY.COM

The Perfect News Portal

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന്

.

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് ലക്‌നൗവില്‍ വൈകുന്നേരം ഏഴിന് നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ രണ്ടും ദക്ഷിണാഫ്രിക്ക ഒരു മത്സരവും വിജയിച്ചിട്ടുണ്ട്. അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. എന്നാല്‍ ഈ മത്സരം വരെ കാത്തുനില്‍ക്കാതെ പരമ്പര സ്വന്തമാക്കണമെന്ന മോഹവുമായി ഇന്ത്യയും പരമ്പര സമനിലയാക്കി അവസാന മത്സരം വരെ പൊരുതണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ദക്ഷിണാഫ്രിക്കയും ഫീല്‍ഡിലെത്തുമ്പോള്‍ മത്സരം തീപാറുന്നതാകുമെന്ന് തീര്‍ച്ച.

 

സൂര്യകുമാര്‍ യാദവും സംഘവും ധര്‍മ്മശാലയിലേതുപോലെ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലക്‌നൗവില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ഗില്ലും ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പറയത്തക്ക സംഭാവനകളൊന്നും തന്നെ ഇരുവരില്‍ നിന്നുമുണ്ടായിട്ടില്ല. ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ഹര്‍ഷിദ് റാണയും പരിക്കേറ്റ് പുറത്തായ അക്‌സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും ഇന്ന് ഇറങ്ങുമെന്നാണ് വിവരങ്ങള്‍.

Advertisements

 

മലയാളി താരം സഞ്ജു സാംസണ്‍ നാലാം മത്സരത്തിലും പുറത്തിരിക്കാനാണ് സാധ്യത. പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയായിരിക്കും എത്തുക. ക്വിന്റന്‍ ഡികോക്ക്, ക്യപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തുടങ്ങിയ താരങ്ങള്‍ സ്ഥിരത കണ്ടെത്തിയെങ്കില്‍ മാത്രമെ ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷയുള്ളു. ടോസ് നേടുന്നവര്‍ ബൗളിങ് തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ള ലക്‌നൗവില്‍ മഞ്ഞുവീഴ്ച്ച പന്തെറിച്ചിലിനെ ബാധിച്ചേക്കാം. എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ ആണ് ഇരുടീമുകളുടെയും നീക്കം. അതില്‍ ആര് വിജയിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

 

ദക്ഷിണാഫ്രിക്കയുടെ വീക്ക്‌നെസ് നോക്കി വിജയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. റണ്‍മല തീര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാര്‍ പ്രോട്ടീസ് നിരയിലുണ്ടെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ പതറിപോകുന്ന കാഴ്ച്ചയായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്.

Share news