ഇന്ധനം തീർന്നെത്തിയ വിദേശ കപ്പൽ ഇന്ന് ബേപ്പൂർ വിടും

ഫറോക്ക്: ഇന്ധനം തീർന്നതിനെ തുടർന്ന് ബേപ്പൂരിൽ അടിയന്തരമായി നങ്കൂരമിട്ട വിദേശ കപ്പൽ ചൊവ്വാഴ്‌ച മടങ്ങും. ഇന്ധനവും ഭക്ഷ്യവസ്തുക്കളും തീർന്നതിനെ തുടർന്നാണ് ഹോങ്കോങ് ചരക്കുകപ്പലായ “സീ വേവ്’ വെള്ളിയാഴ്ച ബേപ്പൂർ തുറമുഖത്തെത്തിയത്. 60,000 ലിറ്റർ ഡീസൽ, ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, വെള്ളം തുടങ്ങിയവ ശേഖരിച്ചശേഷം തിങ്കളാഴ്‌ച തിരിച്ചുപോകേണ്ടതായിരുന്നു. കാലാവസ്ഥ മോശമായതിനാൽ യാത്ര ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ഹോങ്കോങ് എമിനെന്റ് ഷിപ്പിങ് ആൻഡ് മറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 1589 മെട്രിക് ടൺ ശേഷിയുള്ള കപ്പൽ യാത്രക്കിടെയാണ് ഇന്ധനം തീർന്നത്. കൊച്ചി തുറമുഖത്ത് നങ്കൂരമിടുന്നതിനായി അനുമതി തേടിയിരുന്നെങ്കിലും തിരക്കുകാരണം ബേപ്പൂരിലേക്ക് മാറ്റുകയായിരുന്നു. രണ്ടുദിവസം ബേപ്പൂരിന് സമീപം പുറംകടലിൽ നങ്കൂരമിട്ടശേഷമാണ് തുറമുഖത്തെത്തിയത്. ക്യാപ്റ്റൻ അമിത് നേഗിയുടെ നേതൃത്വത്തിൽ 12 ജീവനക്കാരാണ് കപ്പലിലുള്ളത്.
