KOYILANDY DIARY.COM

The Perfect News Portal

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി; തൃശ്ശൂര്‍ പൂരം മെയ് 6ന്

തൃശൂര്‍ പൂരത്തിന് കൊടിയേറി. മെയ് ആറിനാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. മേയ് നാലിന് സാംപിള്‍ വെടിക്കെട്ട് നടക്കും. വാസ്തവത്തില്‍ തൃശ്ശൂർ പൂരത്തെ ഹൃദയത്തോട് ചേർത്ത് വെയ്ക്കാൻ പലർക്കും പല കാരണങ്ങൾ ഉണ്ടാവും. ചിലർക്ക് മേളം, മറ്റു ചിലർക്ക് കരിവീരന്മാർ. ഇതിലൊന്നും പെടാത്ത ചിലരുണ്ട്, ആകാശത്തു വിടരുന്ന വർണ്ണ വിസ്മയങ്ങളിൽ സന്തോഷം കണ്ടെത്തുന്നവർ. അവർക്ക് ഇക്കുറി സന്തോഷിക്കാൻ ഏറെ വക നൽകുന്നതാണ് പടക്ക നിർമ്മാണശാലയിൽ നിന്നുള്ള കാഴ്ചകൾ. 

മേലെ മാനത്തേക്ക് കണ്ണുനട്ട് അവിടെ വിരിയുന്ന വർണ്ണങ്ങളിൽ വിസ്മയപ്പെടുന്ന പൂരപ്രേമിയാണ് നിങ്ങളെങ്കിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് നിങ്ങൾ എത്തിയാൽ പൈസ വസൂലാവും. പുതുമയാർന്ന വെടികോപ്പുകളാണ് സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമായി തയ്യാറായിക്കൊണ്ടിരിക്കുന്നത്. തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി മുണ്ടത്തിക്കോട് സതീശനും പാറമേക്കാവിനു വേണ്ടി ബിനോയ്ക്കുമാണ് നിർമ്മാണ ചുമതല. 

 

വളരെ വ്യത്യസ്തങ്ങളായ അമിട്ടുകൾ പൂരത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ഡ്രാഗൺ ഫൈറ്റ്, സർജിക്കൽ സ്ട്രൈക്ക് എന്നീ പേരുകളിൽ വ്യത്യസ്തമായ വെടിക്കെട്ട് പരീക്ഷണങ്ങൾ ഇത്തവണ ഉണ്ടാകും. നിരവധി വെടിക്കെട്ട് കലാകാരന്മാരുടെ നാലുമാസത്തെ കഠിനാധ്വാനമാണ് ഓരോ പൂരപ്രേമിയുടെയും കണ്ണും മനസ്സും നിറയ്ക്കുന്ന വെടിക്കെട്ടുകൾ.

Advertisements
Share news