KOYILANDY DIARY

The Perfect News Portal

സംസ്ഥാന നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും

തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്‌ത്‌ പാസാക്കലാണ്‌ അജൻഡ. ജൂലൈ 25 വരെ 28 ദിവസമാണ്‌ സഭ. ജൂൺ 11 മുതൽ ജൂലൈ എട്ടുവരെയാണ്‌ ധനാഭ്യർഥന  ചർച്ച. അഞ്ചു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും എട്ടു ദിവസം സർക്കാർ കാര്യങ്ങൾക്കും നീക്കിവയ്‌ക്കും.

ബജറ്റിനെ സംബന്ധിക്കുന്നതും ആദ്യബാച്ച്‌ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകൾ സമ്മേളനത്തിൽ പാസാക്കും. തിങ്കളാഴ്‌ച ചോദ്യോത്തരവേളയ്‌ക്കുശേഷം അംഗങ്ങളുടെ ഫോട്ടോ സെഷൻ നടക്കും.തുടർന്ന്‌ കേരള പഞ്ചായത്തീ രാജ്‌ (രണ്ടാം ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ അവതരിപ്പിച്ച്‌ സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്ക്‌ അയക്കും.