കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണോട് തൂലൂക്കാശുപത്രിയിലെ ഡോക്ടർ മോശമായി പെരുമാറി

കൊയിലാണ്ടി: അസുഖബാധിതനായ കുട്ടിയുമായി പോയ നഗരസഭ ചെയർപേഴ്സണോട് കൊയിലാണ്ടി തൂലൂക്കാശുപത്രി ഡ്യൂട്ടി ഡോക്ടർ മോശമായി പെരുമാറി. ഡോക്ടർ നിമിഷയാണ് ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിനോട് മോശമായ പെരുമാറ്റം നടത്തിയത്. ഇന്ന് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. കൊയിലാണ്ടി ബഡ്സ് സ്കൂളിലെ അസുഖബാധിതനായ കുട്ടിയെ തൻ്റെ കാറിൽ കയറ്റി താലൂക്കാശുപത്രിയിൽ കൊണ്ടുപോകുകയും ഡ്യൂട്ടി ഡോക്ടറായ നമിഷയെ കാണിക്കുകയുമായിരുന്നു.

എന്നാൽ കാര്യമായ പരിശോധന നടത്താതെ കുട്ടിയെ ഉടൻതന്നെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയുമാണ് ഡോകടർ ചെയ്തത്. തുടർന്ന് ഇത് ആവശ്യമുണ്ടോ എന്ന് ചോദിച്ച ചെയർപേഴ്സണോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയുമാണുണ്ടായത്. എനിക്ക് ഇത്രയേ പറ്റുമെന്നും പറ്റുമെങ്കിൽ നിങ്ങൾ ഇരുന്ന് പരിശോധന നടത്തിക്കോളു എന്നുള്ള ധിക്കാരപരമായ സമീപനമാണ് ഡോക്ടർ കാണിച്ചതെന്നാണ് അറിയുന്നത്. അപസ്മാര രോഗിയായ കുട്ടിയുടെ രക്ഷിതാക്കളോട് കുട്ടിയെപ്പറ്റി സംസാരിച്ച് മനസിലാക്കാനുള്ള സാമാന്യ മര്യാദപോലും ഡോക്ടർ കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.


കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ വ്യാപകമായ പരാതിയാണ് പൊതുജനങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ആശുപത്രിയുടെ പ്രവർത്തനമാകെ താളംതെറ്റുന്ന നിലയിലാണ് ഡോക്ടർമാരുടെയും ചില ജീവനക്കാരുടെയും പെരുമാറ്റം. ഇതിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. അതിനിടയിലാണ് പുതിയ സംഭവം.

