രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ മറ്റൊരു മാതൃകാപരമായ മുന്‍കൈയായി വികസന സദസ്സ് മാറും: മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളമിന്നോളം ആര്‍ജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവയാണ് ഈ വികസന സദസ്സുകളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കമായി. കേരളമിന്നോളം ആര്‍ജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവാണ് ഈ വികസന സദസ്സുകള്‍. പൊതുജനങ്ങള്‍ക്ക് ക്രിയാത്മകമായ വികസനാശയങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കാനും അവയ്ക്ക് പ്രായോഗിക രൂപം നല്‍കുന്നതിന് പൊതുജന പിന്തുണ ഉറപ്പാക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.

ഇന്ന് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഘട്ടത്തില്‍ സംസ്ഥാനം ഒട്ടാകെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഈ നാടിന്റെ ഭാവി വികസനപാതയ്ക്ക് അടിത്തറ പാകും. സംസ്ഥാനതലത്തിലുള്ള വികസന നേട്ടങ്ങള്‍ക്കു പുറമെ പ്രാദേശിക തലത്തിലുള്ള വികസന നേട്ടങ്ങളും അവതരിപ്പിക്കപ്പെടും. വികേന്ദ്രീകൃത ആസൂത്രണത്തില്‍ രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരള സംസ്ഥാനത്തിന്റെ മറ്റൊരു മാതൃകാപരമായ മുന്‍കൈയായി മാറും ഈ വികസന സദസ്സ്.

