KOYILANDY DIARY

The Perfect News Portal

ഓടിക്കളിച്ച മൈതാനിയിൽ ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമിക്കാൻ ആഗ്രഹം. പി. ടി. ഉഷ.

ഓടിക്കളിച്ച മൈതാനിയിൽ ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമിക്കാൻ ആഗ്രഹം. പയ്യോളി ഗവ. ഹൈസ്കൂളും പെരുമാൾപുരംക്ഷേത്രവും തമ്മിൽ തുടരുന്ന തർക്കം പരിഹരിക്കാൻ പി.ടി. ഉഷ. ഇരുപതുവർഷത്തിലധികമായി പയ്യോളി ഗവ. ഹൈസ്കൂളും പെരുമാൾപുരംക്ഷേത്രവും തമ്മിൽ തുടരുന്ന തർക്കം പരിഹരിക്കാനായാൽ പയ്യോളി ഗവ. ഹൈസ്കൂൾ മൈതാനിയിൽ ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന് പി. ടി. ഉഷ എം. പി. അറിയിച്ചു. 200 മീറ്റർ സിന്തറ്റിക് ട്രാക്ക് ഉൾപ്പടെ പത്തുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയമാണ് ഉഷയുടെ ലക്ഷ്യം.

പയ്യോളി ഗവ. ഹൈസ്കൂൾ മൈതാനിയിൽ 2002 ൽ ക്ഷേത്ര കമ്മിറ്റി അവകാശ വാദവുമായി എത്തിയതോടെയാണ് സ്ഥലത്തിൻ്റെ പേരിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയപ്പാർട്ടികൾ ഇടപെട്ടും ജനപ്രതിനിധികൾ മുഖേനെയുമെല്ലാം ചർച്ചകൾ നടന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. കഴിഞ്ഞ ദിവസം ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ പി. ടി. ഉഷ ഇരുകൂട്ടരെയും വിളിച്ച് ഉഷയുടെ വീടായ ‘ഉഷസ്സി’ൽ യോഗം ചേർന്നു. യോഗം ശുഭപ്രതീക്ഷയോടെയാണ് അവസാനിച്ചതെന്നും ഈ മാസംതന്നെ വീണ്ടും ചേരുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

കാനത്തിൽ ജമീല എം. എൽ. എ, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, പി. ടി. എ. പ്രസിഡണ്ട് ബിജു കളത്തിൽ, വൈസ് പ്രസിഡണ്ട് കെ. ടി. വിനോദൻ, ക്ഷേത്രം പ്രസിഡണ്ട് രാജീവൻ പട്ടേരി, സെക്രട്ടറി എൻ. ചന്ദ്രൻ, കർമസമിതി ഭാരവാഹികളായ ഉപേന്ദ്രൻ ഉപാസന, പി. വിശ്വനാഥൻ, സ്കൂൾ പ്രിൻസിപ്പാൾ കെ. പ്രദീപൻ, പ്രധാനാധ്യാപകൻ കെ. എൻ. ബിനോയ് കുമാർ, വി. ശ്രീനിവാസൻ, കെ. പി. ഗിരീഷ് കുമാർ, അജ്മൽ മാടായി, പി. വി. മനോജൻ, ടി. പി. നാണു, എ. കെ. ബൈജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisements