KOYILANDY DIARY

The Perfect News Portal

പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ എസ്‍സിഇആർടിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ എസ്‍സിഇആർടിയുടെ നേതൃത്വത്തിൽ  നടന്നുവരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് എം വിജിൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. 
പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ 2025 ൽ പൂർത്തികാരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കുട്ടികളോട് പോലും അഭിപ്രായം ചോദിച്ചാണ് പാഠ്യപദ്ധതിയുടെ ചട്ടക്കൂടുകൾ വികസിപ്പിച്ചത്. ആർക്കും പരാതിക്ക് ഇടനൽകാതെ പരിഷ്കരിച്ച ആദ്യഘട്ട പുസ്തകങ്ങൾ ജൂണിന് മുമ്പ് സ്കൂളുകളിൽ എത്തിക്കാൻ സാധിച്ചു. 
ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ 8 വർഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
മന്ത്രിയുടെ പ്രസം​ഗത്തിന്റെ പൂർണ്ണരൂപം
സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ എസ്‍സിഇആർടിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. 2025-ൽ ഈ പരിഷ്കരണ നടപടികൾ പൂർത്തീകരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ആദ്യഘട്ടമായി പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളോടും അഭിപ്രായങ്ങൾ തേടിയും ചരിത്രത്തിൽ ആദ്യമായി കുട്ടികളോട് അഭിപ്രായം ചോദിച്ചുമാണ് ചട്ടക്കൂടുകൾ വികസിപ്പിച്ചത്. ആർക്കും പരാതിക്ക് ഇട നൽകാത്തവിധം പരിഷ്കരിച്ച ആദ്യഘട്ടം പാഠപുസ്‌തകങ്ങൾ ജൂൺ മാസത്തിനു മുമ്പേ വിദ്യാലയങ്ങളിലെത്തിക്കാൻ കഴിഞ്ഞു എന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിമാനാർഹമായ നേട്ടമാണ്. 
പാഠ്യപദ്ധതിയുടെ അഭിവാജ്യഘടകമാണ് മൂല്യനിർണ്ണയ പ്രക്രിയ. ഓരോ പഠനപ്രവർത്തനത്തിലും വിലയിരുത്തൽ ഉൾച്ചേർന്നിരിക്കുന്നു. വിലയിരുത്തൽ പഠനശേഷം നടക്കുന്ന പ്രക്രിയയല്ല മറിച്ച്, പഠനത്തോടൊപ്പം നടക്കുന്നതും പഠനം ഉറപ്പുവരുത്തുന്നതുമാണ്. ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ 8 വർഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം തന്നെ  വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഗുണമേന്മ വർദ്ധിപ്പിക്കുവാൻ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ ഓരോ ഘട്ടത്തിലും കുട്ടികൾ ആർജ്ജിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതായുണ്ട്. അതിനുവേണ്ടി നിരന്തര മൂല്യനിർണ്ണയ പ്രക്രിയ സമഗ്രവും ശാസ്ത്രീയവും സുതാര്യവുമായി മാറ്റാൻ ആഗ്രഹിക്കുന്നു. കുട്ടികളെ ശരിയായി മനസ്സിലാക്കി അവരുടെ സാമൂഹിക പശ്ചാത്തലം, സവിശേഷമായ കഴിവുകൾ, സഹായം ആവശ്യമുള്ള മേഖലകൾ, അക്കാദമിക നിലവാരം, ശക്തി ദൗർബല്യങ്ങൾ എന്നിവ വിശകലനം ചെയ്‌തു രേഖപ്പെടുത്താൻ കഴിയുന്ന സമഗ്രമായ സംവിധാനം രൂപപ്പെടുത്താൻ ആലോചിക്കുകയാണ്.
Advertisements
ഇതിനായി അധ്യാപക-വിദ്യാർത്ഥി സമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് ഗവേഷണാത്മകമായി മുന്നേറുന്നതിനുള്ള ദീർഘകാല പ്രവർത്തനപരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂല്യനിർണ്ണയ പ്രക്രിയയിൽ പലവിധ പരീക്ഷണങ്ങളും നടക്കുന്നുണ്ട്.  ഓപ്പൺബുക്ക് പരീക്ഷ, ഓൺ ഡിമാന്റ് പരീക്ഷ, സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷകൾ എല്ലാം പല സ്ഥലങ്ങളിലും പരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ സാഹചര്യം കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ സാധിക്കുകയുളളൂ.
സംസ്ഥാനത്തെ എസ്.എസ്‌.എൽ.സി., ഹയർസെക്കൻഡറി പരീക്ഷയിലും കാലോചിതമായ മാറ്റങ്ങൾ നടത്തേണ്ടതുണ്ട്. പരീക്ഷയുടെ നടത്തിപ്പ് രാജ്യത്ത് തന്നെ മാതൃകയാകുന്ന രീതിയിലാണ് കേരളം നിർവ്വഹിച്ചുപോകുന്നത്. വിവിധ തലങ്ങളിലെ പരിഷ്കരണങ്ങൾ എല്ലാവിഭാഗം ആൾക്കാരുമായും ചർച്ച ചെയ്തതിനുശേഷം മാത്രമാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. “ഗുണമേന്മാവിദ്യാഭ്യാസത്തിനായുളള മൂല്യനിർണ്ണയ പരിഷ്ക്കരണം” സംബന്ധിച്ച് 2024 മെയ് 28-ന് വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. കോൺക്ലേവിൽ കരിക്കുലം കമ്മിറ്റി അംഗങ്ങൾ, നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ പ്രിതിനിധികൾ, രക്ഷക4ത്താക്കളുടെയും വിദ്യാ4ത്ഥികളുടെയും പ്രതിനിധികൾ  തുടങ്ങി  പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കുകയുണ്ടായി.
നമ്മുടെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷ പരിഷ്കരിക്കേണ്ടതും ചോദ്യങ്ങളുടെ നിലവാരം വർദ്ധിപ്പിക്കേണ്ടതുമാണ്. പഠനത്തിലൂടെ നേടിയ അറിവ് കുട്ടിയുടെ പ്രായോഗിക ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി ഉപയോഗിക്കുവാം കഴിയും വിധം അപഗ്രഥന ശേഷി,    പ്രശ്‌നപരിഹാരശേഷി, സൃഷ്ടിപരത എന്നിവ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന  രീതിയിലുളള  ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തേണ്ടതായി വരും. 21-ാം നൂറ്റാണ്ടിന്റെ ശേഷികൾ Creativity (ക്രിയേറ്റിവിറ്റി)  Critical thinking (ക്രിട്ടിക്കൽ തിങ്കിംഗ്), Communication (കമ്മ്യൂണിക്കേഷ9), Collaborative thinking (കോളാബറേറ്റീവ് തിങ്കിംഗ്) എന്നിവയും കുട്ടികൾ നേടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുളള നടപടികളും മൂല്യനിർണ്ണയ പ്രക്രിയയിൽ പ്രയോഗത്തിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
Advertisements
എം വിജിന്റെ ഉപചോദ്യം
എസ് എസ് സി, ഹയർസെക്കൻഡറി പരീക്ഷകൾക്കു പുറമെ ഒന്നാം ക്ലാസ് മുതൽ 9-ാം  ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ക്ലാസ്‌റൂം പഠനബോധന സമീപനങ്ങളുടെ നവീകരണത്തോടൊപ്പം മൂല്യനിർണ്ണയ രീതിശാസ്ത്രത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പാഠ്യപദ്ധതി രൂപീകരണ വേളയിൽ നടത്തിയ ജനാധിപത്യപരമായ ചർച്ചകൾ ഈ പരിഷ്‌കരണത്തിന് മുമ്പായി സംഘടിപ്പിക്കുമോ ?
ഉപചോദ്യത്തിനുള്ള മറുപടി
ഇടതുപക്ഷ ജനാധിയപത്യ മുന്നണി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഏത് പരിഷ്ക്കാരമായാലും അത് അക്കാദമികമോ ഭരണപരമോ ആയ്കൊള്ളട്ടെ തികച്ചും ജനാധിപത്യപരമായ ചർച്ചകളിലൂടെയാണ് പൂർത്തിയാക്കുന്നത്. പാഠ്യപദ്ധതി രൂപീകരണ വേളയിലും സംസ്ഥാനത്തുടനീളം ഇത്തരം ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.  ലോകത്തുതന്നെ ആദ്യമായാണ് ക്ലാസ് മുറികളിൽ കുട്ടികളെ പങ്കെടുപ്പിച്ച ചർച്ചയും നടന്നത്. എല്ലാവരെയും പരിഗണിച്ചുകൊണ്ടാണ് പാഠപുസ്തക പരിഷ്കരണവും പൂർത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ഗുണമേന്മാ വർദ്ധിപ്പിക്കുന്നതിനായി മൂല്യനിർണ്ണയ രീതിശാസ്ത്രത്തിലെ പരിഷ്കരണത്തെക്കുറിച്ച് ആലോചിച്ചപ്പൊഴും ആദ്യം പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ ആൾക്കാരെയും പങ്കെടുപ്പിച്ച് അവരുടെ അഭിപ്രായം കേൾക്കുകയായിരുന്നു. തികച്ചും ജനാധിപത്യപരമായാണ് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്.
ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള മൂല്യനിർണ്ണയ സമീപനം കൂടുതൽ സമഗ്രവും 
കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും അതിന്
1. വ്യത്യസ്ത മൂല്യനിർണ്ണയ രീതിശാസ്ത്രങ്ങൾ നടപ്പിലാക്കും.
2. നിലവിലെ നിരന്തര മൂല്യനിർണ്ണയപ്രക്രിയ സാങ്കേതികവിദ്യ കൂടി പ്രയോജനപ്പെടുത്തി സമഗ്രവും സുതാര്യവുമാക്കി മാറ്റും.
3. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ശേഷികൾ 
നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. 
അതിന് സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
4. ഓരോ പരീക്ഷ കഴിയുമ്പോഴും പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് രണ്ടാഴ്ച 
നീണ്ടുനിൽക്കുന്ന പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കും.
5. മികച്ച ചോദ്യപേപ്പറുകൾ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനം എല്ലാ അധ്യാപകർക്കും നൽകും.
6. ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്കുകൾ രൂപീകരിക്കും.
7. നിരന്തര മൂല്യനിർണ്ണയം കാര്യക്ഷമമാക്കുന്നതിന് സ്കൂൾ, ഉപജില്ലാ, ജില്ലാ, സംസ്ഥാനതലങ്ങളിൽ മോണിറ്ററിംങ്ങ് കമ്മിറ്റികൾ 
രൂപീകരിക്കും.
8. മൂല്യനിർണ്ണയ രീതിശാസ്ത്രം കാലാനുസൃതമായി പരിഷ്കരിക്കുന്നതിനായുള്ള 
ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകും.