KOYILANDY DIARY.COM

The Perfect News Portal

കറണ്ട് പോകുന്നത് മനപ്പൂർവ്വമല്ല – സാങ്കേതിക പ്രശ്നമാണ്. സഹകരിക്കണമെന്ന് KSEB

അപ്രഖ്യാപിത പവർക്കട്ട്.. KSEB ജീവനക്കാരെ ശത്രുവായി കാണരുത്. പ്രശ്നം സാങ്കേതികമാണ്. കടുത്ത വേനലും ഉഷ്ണതരംഗവും കേരളത്തില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. പകലും രാത്രിയും ചൂട് ഒരു പോലെ നില്‍ക്കുകയാണ്. രാത്രി കഴിഞ്ഞും അന്തരീക്ഷ ഊഷ്മാവ് താഴെ വരുന്നില്ല. ഈ സാഹചര്യത്തില്‍ ഏസിയുടെ ഉപയോഗവും വര്‍ദ്ധിച്ചു കഴിഞ്ഞു. നേരത്തേതില്‍ നിന്നും വ്യത്യസ്തമായി രാത്രി 10.30ന്  ശേഷമാണ് ഇപ്പോള്‍ പീക്ക് ഡിമാന്‍റ് ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പീക്ക് ഡിമാന്‍റ് ഇന്നലെ 5717 മെഗാവാട്ടായി (കഴിഞ്ഞ വര്‍ഷം  ഇത് 5024 മെഗാവാട്ടായിരുന്നു)  നമ്മുടെ സിസ്റ്റത്തിന് താങ്ങാവുന്നതിലും അധികമാണ് 5717 മെഗാവാട്ട് എന്ന നില ഒരു നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലയ്ക്കും.
ഗ്രിഡ് കോഡ് പ്രകാരം ഗ്രിഡിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് സംവിധാനം ഏര്‍‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഏര്‍‍പ്പെടുത്തിയ സംവിധാനമാണ് ADMS (ഓട്ടോമാറ്റഡ് ഡിമാന്‍റ് മാനേജ്‍മെന്‍റ് സിസ്റ്റം) ഗ്രിഡിലെ ഉപഭോഗം ഒരു പരിധി കഴിഞ്ഞും വൈദ്യുതാവശ്യം നിയന്ത്രിക്കാതിരുന്നാല്‍ ഓട്ടോമാറ്റിക്കായി വൈദ്യുതി നിലയ്ക്കുന്നു. ഇങ്ങനെ ലോഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി വിതരണം നിലയ്ക്കും. 5 മിനിറ്റ് നേരത്തേയ്ക്ക് ആ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യാനാകില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ ഇങ്ങനെ സംഭവിക്കുകയുണ്ടായി. വരും ദിവസങ്ങളി‍ല്‍ വൈദ്യുതോപഭോഗം പരിമിതപ്പെടുത്തിയില്ലെങ്കില്‍ വീണ്ടും ഇത് സംഭവിക്കാം.
അഖിലേന്ത്യാതലത്തില്‍ നിയമപ്രകാരം ഏര്‍‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ADMS. ഗ്രിഡ് തകര്‍ന്നാല്‍ രാജ്യമാകെ ഇരുട്ടിലാകും അത് ഒഴിവാക്കാനാണ് ADMS സ്വയമേവ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ സബ്ബ് സ്റ്റേഷനുകളിലും 33 കെവി, 11 കെവി ഫീഡറുകളിലും ഇത് ഏര്‍‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുത ഉപഭോഗം നിയന്ത്രിതമല്ലെങ്കില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയേഉള്ളു. പ്രത്യേകിച്ചും വൈകുന്നേരം 7.00 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ. വീടുകളി‍ല്‍ ആവശ്യത്തിലധികം ഏസികള്‍ ഒഴിവാക്കുക, ഏസിയുടെ ഊഷ്മാവ് 25 ഡിഗ്രിയ്ക്ക് മുകളിലാക്കാന്‍ ശ്രദ്ധിക്കുക, വൈദ്യുതി നിലയ്ക്കുമ്പോള്‍ സ്വിച്ചുകള്‍ ഓഫ് ചെയ്യുക. ഇങ്ങനെ ആവശ്യത്തിനുമാത്രം വൈദ്യുതി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. വൈദ്യുതി നിലയ്ക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടല്ല.
 ചില സഥലങ്ങളില്‍  കെ. എസ്. ഇ. ബി ഓഫീസില്‍ ഉപഭോക്താക്കള്‍ എത്തുന്നതും കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്നതും വര്‍ദ്ധിച്ചു വരുകയാണ്. വാസ്തവത്തില്‍ ജനങ്ങള്‍ക്ക് ഇടതടവില്ലാതെ വൈദ്യുതി എത്തിക്കുക എന്ന കര്‍ത്തവ്യത്തിലാണ് കെ. എസ്. ഇ. ബി ജീവനക്കാര്‍ മുഴുകുന്നത്. അല്ലാതെ  വൈദ്യുതി മുടക്കുവാനോ മാറ്റി നല്‍കാനോ അല്ല. ഓഫീസില്‍ കടന്നുകയറുമ്പോള്‍ ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരുടെ മനോധൈര്യം കെടുകയും ചെയ്യുന്നത് സാങ്കേതിക ജോലിയ്ക്ക് തടസ്സമാകും. നമ്മള്‍ വീട്ടില്‍ സുഖമായിരിക്കുമ്പോള്‍ കെ. എസ്. ഇ. ബി ജീവനക്കാരന്‍ പോസ്റ്റിനു മുകളില്‍ വെയിലേറ്റ് ജോലി നിര്‍വ്വഹിക്കുകയാണ്. അവരെ തകര്‍ത്താല്‍ നിലവിലുളള സിസ്റ്റം തകര്‍ന്നുപോകും അതുണ്ടാകുന്നത് വലിയ അപകടമാണ്.
മാന്യ ഉപഭോക്താക്കള്‍ ഉപഭോഗം കുറച്ച് സഹകരിച്ചാല്‍ എല്ലാവര്‍ക്കും  തടസ്സമില്ലാതെ വൈദ്യുതി നല്‍കാനാകും. പ്രളയകാലത്തുള്‍‍പ്പെടെ ലോകത്തിനു മാതൃകയായ കേരളത്തിന് ഇപ്പോഴത്തെ സാഹചര്യവും മറികടക്കാനാകും.
Share news