KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചിയിൽ

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന്‌ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ്‌ വേദിയാകുക. ജനറേറ്റീവ് എഐ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും കോൺക്ലേവ്‌ വഴിയൊരുക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ എഐ അധിഷ്ഠിത വ്യവസായങ്ങൾക്ക് കോൺക്ലേവ് കുതിപ്പാകും. സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ വിദ്യാഭ്യാസരംഗത്ത്‌ സർക്കാർ വലിയ മാറ്റം വരുത്തി. സാങ്കേതിക സർവകലാശാലയിൽ പെയ്ഡ് ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ലോകത്ത് ആദ്യമായി എൺപതിനായിരത്തോളം സ്‌കൂൾ അധ്യാപകർക്ക് എഐ ടൂൾ ഉപയോഗം സംബന്ധിച്ച ശിൽപ്പശാല സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഐബിഎമ്മുമായുള്ള സഹകരണം നിർമിത ബുദ്ധിയിലധിഷ്ഠിതമായ മികവുകളെ പരിപോഷിപ്പിക്കാനുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നുവെന്ന് ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമൽ പറഞ്ഞു.

 

കോൺക്ലേവിന്റെ ഔദ്യോഗിക വെബ്സൈറ്റ്‌ മന്ത്രി പ്രകാശനം ചെയ്‌തു.
എഐ നവീകരണത്തിനുള്ള മികച്ച സംഭാവനകൾക്ക്‌ പുരസ്‌കാരം നൽകും. കോൺക്ലേവിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കും പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കുമായി ഹാക്കത്തോണുകൾ സംഘടിപ്പിക്കും. ഐടി പാർക്കുകളിൽ അന്താരാഷ്ട്ര പ്രശസ്‌തരായ എഐ വിദഗ്ധരുടെ ടെക് ടോക്കും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങളും കോൺക്ലേവ് രജിസ്ട്രേഷനും https://www.ibm.com/in en/events/gen-ai-conclave എന്ന വെബ്സൈറ്റിൽ ലഭിക്കും.

Advertisements

 

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ഐടി മിഷൻ ഡയറക്ടർ അനുകുമാരി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ, ഐബിഎം പ്രതിനിധികളായ ചാർലി കുര്യൻ, വിശാൽ ചാഹൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share news