പേരാമ്പ്ര തോട്ടത്താംകണ്ടി പാലത്തിൻറെ നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ
പേരാമ്പ്ര: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലത്തിൻറെ നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. സംസ്ഥാന സർക്കാർ 9.2 കോടി രൂപ ചെലവിലാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നത്. രണ്ട് പഞ്ചായത്തുകൾക്ക് പുറമേ പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം.

2022 ജനുവരി ഒമ്പതിന് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലത്തിൻറെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
പുഴയുടെ ഇരുവശത്തും ലാൻഡ് സ്പാനുകളടക്കം അഞ്ച് സ്പാനുകളും ഇരുവശത്തും നടപ്പാതയും ഉൾപ്പെടുന്നതാണ് പാലം. 117 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. ഇരുവശത്തും അപ്രോച്ച് റോഡുകളുമുണ്ട്. മരുതോങ്കര പഞ്ചായത്തിൽ 456 മീറ്ററും ചങ്ങരോത്ത് പഞ്ചായത്തിൽ 110 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡുകൾ നിർമിച്ചത്.
ചങ്ങരോത്ത് പഞ്ചായത്തിൽ ശേഷിക്കുന്ന റോഡ് വീതികൂട്ടി അര കിലോമീറ്റർ നീളത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണച്ചുമതല ഏറ്റെടുത്തത്. എൽഡിഎഫ് സർക്കാരിന്റെ ഏഴ് വർഷത്തിനിടയിൽ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ ശ്രമഫലമായി ചങ്ങരോത്ത് പഞ്ചായത്തിൽ കടിയങ്ങാട് ചെറുപുഴക്കും കുറ്റ്യാടി പുഴക്കുമായി നിർമ്മിച്ച നാലാമത്തെ വലിയ പാലമാണിത്.
തോട്ടത്താം കണ്ടിപാലം ഉദ്ഘാടനംചെയ്യുന്നതോടെ തൊട്ടിൽപാലം, മരുതോങ്കര, പശുക്കടവ്, മുള്ളൻകുന്ന് പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ പേരാമ്പ്രയിലേക്കും കോഴിക്കോട് ഭാഗത്തേക്കും യാത്രചെയ്യാൻ സാധിക്കും. ഇരു പഞ്ചായത്തുകളുടെയും വികസനത്തിൽ നാഴികക്കല്ലാവുന്ന പാലം ഡിസംബറിനകം നാടിന് സമർപ്പിക്കും.
