കുറുവങ്ങാട് മഹാശിവക്ഷേത്രത്തിൻ്റെ ശ്രീകോവിൽ നിർമ്മാണം തുടങ്ങുന്നു

കൊയിലാണ്ടി: കുറുവങ്ങാട് മഹാശിവക്ഷേത്രത്തിൻ്റെ ശ്രീകോവിൽ നിർമ്മാണം തുടങ്ങുന്നു. കുറുവങ്ങാട് ശിവക്ഷേത്രം വളരെ മുമ്പുതന്നെ ഒരു മഹാശിവക്ഷേത്രം ആയിരുന്നു എന്നാണ് പ്രശ്നവിധിയാൽ മനസ്സിലാക്കപ്പെട്ടത്. പല കാരണങ്ങളാലും ക്ഷേത്ര ശ്രീ കോവിലിന്റെ രൂപത്തിൽ മാറ്റം ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ ഈ ശ്രീകോവിൽ വളരെ ജീർണ്ണിച്ച അവസ്ഥയിലും ആണ്. നാലുവർഷം മുമ്പ് തന്നെ ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണം നടത്തുന്നതിനായി ശ്രമം തുടങ്ങിയെങ്കിലും കോവിഡ് മഹാമാരി മൂലം പ്രവർത്തി തുടങ്ങുന്നത് നീണ്ടുപോയി.

ഇപ്പോൾ പണി തുടങ്ങുന്നതിനായി പ്രാരംഭ പ്രവർത്തനങ്ങൾ എല്ലാം തുടങ്ങിക്കഴിഞ്ഞു. ശ്രീകോവിൽ പുനർനിർമിക്കുന്നതിന്റെ ഭാഗമായി പ്രധാന വിഗ്രഹം ശ്രീകോവിൽ നിന്നും എടുത്തുമാറ്റി ബാലാലയത്തിലേക്ക് മാറ്റേണ്ടതായിട്ടുണ്ട്. ബാലാലയം നിർമ്മാണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നു. ഇപ്പോഴത്തെ ശ്രീകോവിൽ നിന്നും ബാലാലയത്തിലേക്ക് വിഗ്രഹം എടുത്തു മാറ്റുന്നതിനായുള്ള ഭഗവാന്റെ അനുവാദം വാങ്ങുന്നതിനായുള്ള അനുജ്ഞാ കർമ്മം ഒക്ടോബർ 15ന് നടക്കുകയുണ്ടായി. ബാലാലയത്തിലേക്ക് വിഗ്രഹം മാറ്റുന്നതിനായി ഒക്ടോബർ 30 എന്ന ദിവസമാണ് വിധിപ്രകാരം ലഭ്യമായത്. ശിവക്ഷേത്രത്തിന്റെ ശ്രീകോവിൽ വിധിപ്രകാരം പുനർ നിർമ്മിക്കുന്നത് ത്രിതലത്തിലാണ്.

രണ്ടരക്കോടിയോളം രൂപ ആവശ്യമായി വരുന്നുണ്ട്. നാലു ഘട്ടങ്ങളിലായാണ് പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത് ഇതിൻ്റെ ഭാഗമായി പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഒരു വിപുലമായ മീറ്റിംഗ് ഒക്ടോബർ 20 ന് മൂന്നുമണിക്ക് ക്ഷേത്ര അങ്കണത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി സി.പി.മോഹനൻ, കെ.വി. സുധീർ, എം. കെ. മനോജ്, എൻ.കെ. സുരേഷ് ബാബു എന്നിവർ അറിയിച്ചു.
