KOYILANDY DIARY.COM

The Perfect News Portal

‘മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങിയത്’; വിധി കേട്ടതിന് ശേഷമുള്ള ദിലീപിന്റെ ആദ്യ പ്രതികരണം മഞ്ജു വാര്യർക്കെതിരെ

.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടെന്ന വിധിയാണ് ഇന്ന് പുറത്തുവന്നത്. വിധി കേട്ടതിന് ശേഷം പുറത്തുവന്ന ദിലീപിന്റെ ആദ്യ പ്രതികരണം തന്നെ താരത്തിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർക്കെതിരെ ആയിരുന്നു. മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന തുടങ്ങിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവർക്കൊപ്പം പോലീസുകാരും കൂട്ടുനിന്നുവെന്നും ദിലീപ് പ്രതികരിച്ചു. കേസിലെ യഥാര്‍ത്ഥ ഗൂഢാലോചന തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍വശക്തനായ ദൈവത്തിന് നന്ദി’ എന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

‘ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനല്‍ പോലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെു. എന്നിട്ട് പൊലീസ് സംഘം ചില മാധ്യമങ്ങളേയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സമൂഹ മാധ്യമങ്ങിലൂടെ പ്രചരിപ്പിച്ചു’, എന്നും ദിലീപ് ആരോപിച്ചു.

Advertisements

 

 

പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു. കേസില്‍ യഥാര്‍ത്ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്’, എന്നും നടൻ കൂട്ടിച്ചേർത്തു. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വെറുതെ വിട്ടത്. എന്നാൽ കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ആണ് വിധി പറഞ്ഞത്. ചുമത്തിയ എല്ലാ വകുപ്പും നിലനിൽക്കും എന്ന് കോടതി പറഞ്ഞു. ചാര്‍ലി തോമസ്, സനില്‍കുമാര്‍, ദിലീപിന്‍റെ സുഹൃത്ത് ശരത് എന്നിവരെയും കോടതി വെറുതെ വിട്ടു. കുറ്റക്കാർക്കുളള ശിക്ഷ വെള്ളിയാഴ്ച പറയും.

Share news