എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺഗ്രസ്; മുഖ്യമന്ത്രി
കൊല്ലം: എല്ലാ കാര്യത്തിലും സംഘപരിവാറിന്റെ മനസ്സിനൊപ്പമാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡയുടെ ഭാഗമായി കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിൽ ഇതുവരെ കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. പ്രകടനപത്രികയിലും പൗരത്വഭേദഗതി നിയമമില്ല. എല്ലാ കാര്യവും പ്രകടനപത്രികയിൽ പറയേണ്ടതുണ്ടോ എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

സംഘപരിവാർ മനസ്സിനോട് ഒട്ടിനിൽക്കുന്ന ഒട്ടേറെ നേതാക്കളുള്ളതുകൊണ്ടാണ് കോൺഗ്രസിനു നിലപാടെടുക്കാൻ കഴിയാത്തത്. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുൺകുമാറിന്റെ പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കോൺഗ്രസിന്റെ ശബ്ദം വേണ്ട നിലയിൽ ഉയർന്നില്ല. എൻഐഎ ബില്ലിനെ ലോക്‌സഭയിൽ എതിർത്ത ആറുപേരില്‍ ഒരാള്‍ എ എം ആരിഫായിരുന്നു. അപ്പോൾ കോൺഗ്രസുകാർ എവിടെപ്പോയി.

യുഎപിഎ ഭേദഗതിയിലും കോൺഗ്രസ് ബിജെപിക്കൊപ്പം നിന്നു. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സർക്കാരാണ് സ്വാമിനാഥൻ കമീഷനെ നിയമിച്ചത്. എന്നാൽ, ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തിൽ വന്ന രണ്ടാം യുപിഎ സർക്കാർ ആ റിപ്പോർട്ട് തള്ളി. ഇതാണ് യഥാർത്ഥ കോൺഗ്രസ് മുഖം.സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവനുമാക്കുന്ന സാമ്പത്തിക നയങ്ങളാണ് കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്.

അർഹമായ സാമ്പത്തികവിഹിതം നൽകാതെ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. ഇതിനെതിരെ പാർലമെന്റിൽ ഒരുവാക്ക് പറയാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ല. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനെതിരായ കേരളത്തിന്റെ ഹര്‍ജിയിലെ സുപ്രീംകോടതി വിധി കോൺഗ്രസിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര ഏജൻസികളുടെ വേട്ട ; കോൺഗ്രസിന് ഇരട്ടത്താപ്പ് അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുമ്പോള്‍ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുൺകുമാറിന്റെ തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജൻസികള്‍ എല്ലാ പ്രതിപക്ഷ പാര്‍ടികള്‍ക്കുമെതിരെ നീങ്ങുന്നു. അന്വേഷണം കോൺഗ്രസിനെതിരെ വരുമ്പോള്‍ അവര്‍ അതിനെ എതിര്‍ക്കും. മറ്റു പാര്‍ടികള്‍ക്കെതിരെ വരുമ്പോള്‍ അവര്‍ കേന്ദ്ര ഏജൻസിക്കൊപ്പം നിൽക്കും. ഇതാണ് കോൺഗ്രസ് നിലപാട്. ഒരുവർഷം മുമ്പ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തപ്പോൾ കോൺഗ്രസിന്റെ ചോദ്യം എന്തുകൊണ്ട് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു.

കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസിന്റെ അഖിലേന്ത്യനിരയാകെ പങ്കെടുത്തു. പക്ഷേ, അവരുടെ സമീപനത്തിൽ മാറ്റമുണ്ടോ? അതിനു ശേഷമാണ് കേരളത്തിൽ കിഫ്ബിക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഇഡി, തോമസ് ഐസക്കിന് നോട്ടീസ് നൽകിയത്. ആ നോട്ടീസ് അയച്ച ഇഡിയുടെ കൂടെയല്ലേ കേരളത്തിലെ പ്രതിപക്ഷനേതാവും കോൺഗ്രസും നിൽക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.



