KOYILANDY DIARY

The Perfect News Portal

യുഎഇയിൽ നാശം വിതച്ച പ്രളയത്തിൽ പ്രവാസി ജനതയ്ക്ക് സഹായവും പിന്തുണയും വാ​ഗ്​ദാനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇയിൽ നാശം വിതച്ച പ്രളയത്തിൽ പ്രവാസി ജനതയ്ക്ക് സഹായവും പിന്തുണയും വാ​ഗ്​ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായി സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് പ്രതിസന്ധിഘട്ടം ഒരുമിച്ച് തരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 
യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതീവ ദുഃഖകരമാണ്. വിഷമം അനുഭവിക്കുന്ന അവിടങ്ങളിലെ ജനങ്ങൾക്കൊപ്പമാണ് നമ്മൾ. വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് അവിടെ. അതുണ്ടാക്കിയ വൈഷമ്യങ്ങൾ മറികടക്കാൻ ആ രാഷ്ട്രങ്ങൾക്കു കഴിയട്ടെ. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രളയക്കെടുതിയിൽ നിന്ന് ഒരുമിച്ച് കരകയറിയ ഒരു സമൂഹം എന്ന നിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കേരള സർക്കാരിന്റെ എല്ലാവിധ മാനസിക പിന്തുണയും അറിയിക്കുന്നു.

 
ഒട്ടനേകം മലയാളികളുടെ രണ്ടാം വീടായ ഇരു രാജ്യങ്ങളിലേയും താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികളാണ് പ്രളയക്കെടുതികളാൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്. മഴയുടെ അളവ് കുറഞ്ഞെങ്കിലും പ്രളയം സൃഷ്ടിച്ച നാശ നഷ്ടങ്ങളിൽ നിന്നു കരകയറാൻ സമയമെടുക്കും. മലയാളികളടക്കമുള്ള അവിടുത്തെ പ്രവാസിസമൂഹത്തിന്റെ കാര്യത്തിലും നമുക്ക് വലിയ കരുതലുണ്ട്. 

 

ഏതൊരു പ്രതിസന്ധിഘട്ടത്തിലും പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന സംഘടനകളും ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി സുഹൃത്തുക്കളും തങ്ങളാൽ കഴിയുന്ന സഹായം ദുരിത ബാധിതർക്ക് നൽകിവരുന്നു എന്നത് ശ്ലാഘനീയമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായി അവിടുത്തെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഈ പ്രതിസന്ധിഘട്ടം ഒരുമിച്ച് തരണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള സർക്കാരിന്റെ എല്ലാ പിന്തുണയും പ്രളയബാധിതർക്ക് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisements