KOYILANDY DIARY

The Perfect News Portal

ഒരു വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് അധികാരമില്ല: മുഖ്യമന്ത്രി

ഗവർണർക്ക് കണക്കിന് കൊടുത്ത് മുഖ്യമന്ത്രി.. പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുതെന്നും അത് ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാൽ വിസിമാരോട് രാജിവെക്കാനോ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടാനോ കേരള ഗവർണർക്ക് നിയമപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ഇത് സാമാന്യ നിയമബോധം ഉള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. അതു മറ്റാർക്കും ബാധകമല്ല. ആ വിസിക്കെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്.

അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ടു മാത്രമാണ്. പൊതു ഹർജിയാണെങ്കിൽ തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാൽ, ഇക്കാര്യം വ്യത്യസ്തമാണ്. മറ്റു ഒൻപതു വിസിമാർക്കെതിരെ നിയമപരമായ എന്തെങ്കിലും പ്രശ്നം നിലനിൽക്കുന്നില്ല. ടെക്നോളജി യൂനിവേഴ്സിറ്റി വിസിയ്ക്ക് എതിരെ മാത്രം വന്ന വിധി സർവർക്കും ബാധകമാക്കാൻ സാധിക്കില്ല എന്നതും കൂടി കണക്കിലെടുത്താൽ വിസിമാരുടെ രാജി ആവശ്യപ്പെടുന്നതിനു നിയമപരമായ സാധൂകരണമില്ല.

Advertisements

രണ്ടാമതായി, സർവ്വകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നിങ്ങനെ രണ്ട് കാരണങ്ങളാൽ മാത്രമേ ഒരു വിസിയെ നീക്കം ചെയ്യാൻ കഴിയൂ. എന്നാൽ ഈ ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കേണ്ടതുണ്ട്, കുറ്റം തെളിഞ്ഞാൽ മാത്രമേ വിസിയെ നീക്കാൻ കഴിയൂ. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. ഒരു സർവകലാശാലയുടെ ചീഫ് എക്‌സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വിസി. ഒരു വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാൽ വിസിമാരോട് രാജിവെക്കാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാൻ കേരള ഗവർണർക്ക് നിയമപരമായ അധികാരമില്ല.മുഖ്യമന്ത്രി പറഞ്ഞു.

സേർച്ച്‌ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം, അവർ നൽകുന്ന പാനലിലെ പേരുകളുടെ എണ്ണം ഇവയൊക്കെ അതാത് സർവ്വകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ പറയുന്നതുപോലെയാണ് രാജ്യത്തെല്ലായിടത്തും നടക്കുന്നത്. പല സംസ്‌ഥാനങ്ങളിലും ഗവണ്മെന്റിന്റെ പ്രതിനിധികൾ ️വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരിക്കും. മഹാരാഷ്ട്രയിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇൻ ചാർജ് സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ അംഗമാണ്. കർണ്ണാടകയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള നാലംഗ സേർച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് ഗവണ്മെന്റാണ്.

സേർച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും രാജ്യത്തെ സർവ്വകലാശാലകളിൽ വ്യത്യസ്ത രീതി നിലനിൽക്കുന്നു. 3 മുതൽ 7 വരെ അംഗങ്ങളുള്ള സേർച്ച്‌ കമ്മിറ്റികളാണ് രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെ വിസി നിയമനത്തിനായി രൂപീകരിക്കപ്പെടുന്നത്. വിവിധ യൂണിവേഴ്സിറ്റികളിൽ വിവിധ രീതിയിലാണ് സേർച്ച്‌ കമ്മിറ്റിയിലേക്കുള്ള നോമിനേഷൻ നടക്കുന്നത്. വിസിറ്റർ/ചാൻസലർ, യു ജി സി, സംസ്‌ഥാന ഗവണ്മെന്റ്, സെനറ്റ്, സിൻഡിക്കേറ്റ്, എക്‌സിക്യുട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ എന്നീ ബോഡികളുടെ പ്രതിനിധികൾ കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് അല്ലെങ്കിൽ ഇവരുടെ പ്രതിനിധി, സംസ്‌ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ പ്രതിനിധി തുടങ്ങിയവരാണ് സേർച്ച്‌ കമ്മിറ്റിയിൽ ഇടം പിടിക്കുക.

1973 ലെ യുപി യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം അല്ലഹാബാദ് ഹൈകോടതി ജഡ്ജിയോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് തന്നെയോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയോ സേർച്ച്‌ കമ്മിറ്റിയിൽ അംഗമായിരിക്കും. മധ്യ പ്രദേശ് നിയമ പ്രകാരം ഹൈ കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ നോമിനി സേർച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഗുജറാത്തിൽ സംസ്‌ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ പ്രതിനിധി/നോമിനി സേർച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഇതിന് പുറമേ സിൻഡിക്കേറ്റും അക്കാദമിക് കൗൺസിലും സംയുക്തമായും ഒരു സേർച്ച്‌ കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കും. ഇതൊക്കെ കാണാതെയാണ് കേവല സാങ്കേതികതയിൽ തൂങ്ങി ഒരു സംസ്‌ഥാന ഗവർണർ ഒൻപത് സർവ്വകലാശാലാ വൈസ് ചാൻസലർമാരോട് ഇറങ്ങിപ്പോകാൻ പറയുന്നത്.മുഖ്യമന്ത്രി പറഞ്ഞു.