എ ബി സി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ മാറ്റം വരുത്തണം; മന്ത്രി വീണാ ജോർജ്

എ ബി സി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ മാറ്റം വരുത്തണമെന്ന് മന്ത്രി വീണാ ജോർജ്. നിലവില്‍ 15 എ ബി സി കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. പുതുതായി ഒമ്പത് കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. പുതിയ എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് തടസ്സമായി വലിയ എതിര്‍പ്പുകള്‍ മുന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ വഴി നടത്തിവന്നിരുന്ന എ ബി സി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്. കോടതി ഇടപെടലിനെ തുടര്‍ന്നാണ് അത് കഴിയാതെ പോയത്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഇടപെട്ടതിനെ തുടര്‍ന്നാണ് കോടതി വിലക്കിയത്. തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ മാത്രമാണ് കഴിയുക. എ ബി സി കേന്ദ്രങ്ങളിലേക്ക് തെരുവ് നായയെ കൊണ്ടുപോയി ഇഞ്ചക്ഷന്‍ ചെയ്താല്‍ ഉടനെ തുറന്നുവിടാന്‍ കഴിയില്ല. ഒരാഴ്ച അവിടെ ശുശ്രൂഷിച്ച് മുറിവ് ഉണങ്ങിയതിനുശേഷം എവിടുന്നാണോ പിടിച്ചത് അവിടെത്തന്നെ കൊണ്ടുവിടണം.

നൂറുകണക്കിന് തെരുവുനായ്ക്കളെ എവിടെയാണ് പാര്‍പ്പിക്കുക? വ്യവസ്ഥകള്‍ക്ക് വിധേയമായി അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അനുവാദം നല്‍കണം. തെരുവുനായ കടിക്കുമ്പോള്‍ എല്ലാവരും കൂടി ബഹളമുണ്ടാക്കുന്നു. എന്നാല്‍, അതിന് ആധാരമായ പ്രശ്‌നം അവിടെ കിടക്കുകയാണ്. എല്ലാവരും പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുകയാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

