KOYILANDY DIARY

The Perfect News Portal

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കീഴടങ്ങി. വിവാദ മത പരാമർശം: മോദിക്ക് ക്ലീൻചിറ്റ്

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കീഴടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെ മതപരമായ പരാമർശം നടത്തിയ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻ ചിറ്റ്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നടത്തിയ പ്രസംഗത്തിന് എതിരായ പരാതിയിലാണ് ക്ലീൻചിറ്റ്. അതേസമയം, പ്രധാനമന്ത്രി രാജസ്ഥാനിൽ നടത്തിയ കടുത്ത മുസ്ലിം വിരുദ്ധ പരാമർശത്തിൽ മൌനം തുടരുകയാണ്. സി പി ഐ (എം) ഉൾപ്പെടെ ഇതിനെതിരെ നൽകിയ പരാതി നിലനിൽക്കയാണ്. കോടതിയിൽ നൽകിയ ഹരജിയും നിലനിൽക്കുന്നു.
രാമക്ഷേത്രത്തെ കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ കുറിച്ചും നടത്തിയ പരാമർശത്തിന് എതിരെ സുപ്രീംകോടതി അഭിഭാഷകൻ ആനന്ദ് ജൊന്താലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഹിന്ദു, സിഖ് ദൈവങ്ങളുടേയും ആരാധനാലയങ്ങളുടേയും പേരിൽ മോദി വോട്ട് തേടി എന്നായിരുന്നു പരാതി. കഴിഞ്ഞ പത്താം തീയതിയാണ് പരാതി നൽകിയത്.
പരാതിയിൽ തീരുമാനമെടുക്കുന്നത് വൈകിയതിനെ തുടർന്ന് അദ്ദേഹം ഡൽഹി ഹൈക്കോടതിയിൽഹർജി നൽകിയിരുന്നു. പരാതിയിൽ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണം എന്നായിരുന്നു ഹർജി. എന്നാൽ ഇത് വെറും വികസന പ്രസംഗമാണ് എന്നാണ് കമ്മീഷന്റെ വിശധീകരണം. സിഖ് മതവിശ്വാസികളെ കയ്യിലെടുക്കാൻ ഏപ്രിൽ 9-നായിരുന്നു മോദി പിലിബത്തിൽ രാമക്ഷേതം പരാമർശിച്ച് പ്രസംഗിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസും എസ്‌പിയും പങ്കെടുക്കാതിരുന്നത് രാമനെ അപമാനിക്കാനാണ് എന്നായിരുന്നു മോദിയുടെ പ്രസംഗം. തൻ്റെ സർക്കാർ അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ പതിപ്പുകൾ ഇന്ത്യയിൽ എത്തിച്ചെന്നും കർത്തപുർ ഇടനാഴി വികസിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് സിഖ് വിരുദ്ധ കലാപം നടത്തിയവരാണെന്നും ബിജെപിയാണ് സിഖുകാർക്കൊപ്പം നിന്നതെന്നും മോദി പറഞ്ഞിരുന്നു. സിഖ് മതവിശ്വാസികൾക്ക് സ്വാധീനമുള്ള മണ്ഡലമാണ് പിലിബത്ത്.