KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതത്തള്ളില്ലെന്ന് വീണ്ടും കേന്ദ്രം; നിലപാടിനെതിരെ കേരളം ഹൈക്കോടതിയില്‍

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാനം ഹൈക്കോടതിയില്‍. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യം അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിലപാട് ആവര്‍ത്തിച്ചത്. എന്നാല്‍ ബാങ്ക് വായ്പ എഴുതിത്തള്ളണമെന്ന് വീണ്ടും ഹൈക്കോടതി ആവശ്യപ്പെട്ടു. പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുത്ത എസ്എല്‍ബിസി യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചെന്ന കേന്ദ്ര വാദത്തിനെതിരെ സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്.

 

ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് തീരുമാനമെടുക്കണമെന്നല്ല യോഗത്തിന്റെ ശുപാര്‍ശ. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് എസ്എല്‍ബിസി യോഗത്തിന്റെ ശുപാര്‍ശയെന്ന് സംസ്ഥാനം അറിയിച്ചു. വായ്പ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും എസ്എല്‍ബിസി യോഗത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പങ്കെടുത്ത രണ്ട് എസ്എല്‍ബിസി യോഗത്തിന്റെയും രേഖകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി.

 

വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രംവായ്പ എഴുതിത്തള്ളില്ലെന്നും മൊറട്ടോറിയത്തിന് മാത്രമാണ് അംഗീകാരമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കൊവിഡ് കാലവും വയനാട്ടിലെ ദുരന്ത സാഹചര്യവും വ്യത്യസ്തമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിത സാഹചര്യം നഷ്ടപ്പെട്ട ദുരന്തമാണ് വയനാട്ടിലേത്. വായ്പ എഴുതിത്തള്ളാന്‍ കേരള ബാങ്ക് തീരുമാനമെടുത്തുവെന്ന് ഹൈക്കോടതി പറഞ്ഞു. സമാന തീരുമാനമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുമെന്നും ഹൈക്കോടതി.

Advertisements
Share news