KOYILANDY DIARY.COM

The Perfect News Portal

മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും പടർന്നു; ആനയുടെ നില ഗുരുതരമായി തുടരുന്നു

കോടനാട്: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ച് കോടനാട് അഭയാരണ്യത്തിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. ആനയുടെ ആരോ​ഗ്യ നില ​ഗുരുതരമായി തന്നെ തുടരുന്നുവെന്നാണ് കോടനാട്ടിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. മസ്തകത്തിലെ ആഴത്തിലുള്ള മുറിവിന് ചികിത്സ നൽകുന്നുണ്ടെങ്കിലും അണുബാധ തുമ്പിക്കൈയിലേക്കും പടർന്നിരിക്കുകയാണ്. ആനയ്ക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ 30ശതമാനം മാത്രമേ രക്ഷപ്പെടാൻ സാധ്യതയുള്ളൂ.

കുത്തിവെച്ചും സ്പ്രേ ചെയ്തുമാണ് മരുന്ന് നൽകുന്നത്. ആന കൃത്യമായി തന്നെ ഭക്ഷണം എടുക്കുന്നുണ്ട്. മൂന്നു ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമേ ആരോ​ഗ്യ നിലയുടെ പുരോ​ഗതി വിലയിരുത്താനാകൂ എന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. മസ്തകത്തിലെ മുറിവുണങ്ങുന്നതുവരെ ചികിത്സ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. ചികിത്സിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായാണ് മയക്കുവെടി വെച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ ദൗത്യസംഘമാണ് നേതൃത്വം നൽകിയത്. ആനയെ മയക്കുവെടി വെച്ച് കഴിഞ്ഞ 24ന് ചികിത്സ നൽകിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചത്. കോടനാട് ആനപരിപാലന കേന്ദ്രത്തിൽ അരിക്കൊമ്പനായി നിർമ്മിച്ച കൂട്ടിലാണ് ആന ചികിത്സയിലുള്ളത്.

Advertisements

 

 

 

 

Share news