KOYILANDY DIARY

The Perfect News Portal

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു

തൃശൂര്‍: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് ലാൽ കെ പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ കേസന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും  നീക്കം നടത്തുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. ഡോണയുടെ മരണത്തിന് ശേഷം ലാലിനെ ആരും കണ്ടിട്ടില്ല. ഇതാണ് കൊല നടത്തിയത് ലാല്‍ ആണെന്ന നിഗമനത്തിലേക്ക് ഏവരെയും എത്തിച്ചത്. മെയ് 7ന് താനും ഡോണയും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ലാല്‍ ഡോണയുടെ സഹോദരന് ഇ-മെയില്‍ അയച്ചത് അനുസരിച്ചാണ് ഇവരുടെ കാനഡയിലെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്.
ഒന്നര ദിവസത്തിലധികം പഴക്കമുള്ള ഡോണയുടെ മൃതദേഹമാണ് വീട്ടില്‍ കണ്ടത്. ലാല്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്നും ലാലിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് കടക്കാരനായ ലാല്‍ ഇതെച്ചൊല്ലി ഡോണയുമായി വഴക്കുണ്ടാക്കിയിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയിക്കുന്നത്.