KOYILANDY DIARY.COM

The Perfect News Portal

ആത്മകഥ വിവാദം; ഡിസി ബുക്‌സിന് എതിരായ പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി: ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിന് എതിരായ പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്ന് ഇ പി ജയരാജന്‍. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. ഡിസി ബുക്ക്‌സുമായി യാതൊരു കരാറുമില്ലെന്നും കരാറുണ്ടോ എന്ന് മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഇപ്പോഴും സംശയമെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഇ പി ജയരാജന്‍ പരാതിയില്‍ ഉന്നയിച്ചു.

ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും തന്റെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ കാണിച്ചത് വ്യാജം ആണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. വാര്‍ത്തയ്ക്ക് പിന്നിലെ വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപെട്ടു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ താന്‍ ആരെയും ചുമതലപെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 

എന്റെ ആത്മകഥ ഞാന്‍ ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്നു, ആര്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല ഡിസിയും മാതൃഭൂമിയും സമീപിച്ചിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കൂലിക്ക് എഴുതിക്കുന്നില്ല, ഞാനാണ് എഴുതുന്നത് എന്നും ഇ പി വ്യക്തമാക്കി. ഡിജിപിക്ക് പരാതി നല്‍കി, ചാനലില്‍ വരുന്ന ഒന്നും എന്റെ ബുക്കില്‍ ഞാന്‍ എഴുതിയതല്ല, ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ വന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന സംശയിക്കുന്നു, തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത് ആസൂത്രിതമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

 

ഇത് ആദ്യത്തെ കാര്യമല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുമുണ്ടായി, ഒന്നര കൊല്ലം മുമ്പ് ജവദേത്ക്കര്‍ കാണാന്‍ വന്നത് തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്തയാക്കിയത് ആസൂത്രിതമായിരുന്നു. ചാനലില്‍ പ്രക്ഷേപണം നടത്തിയ ഒരു ഭാഗവും ഞാന്‍ എഴുതിയതല്ല. ഡി.സി.ബുക്‌സിനെ വിളിച്ചു. ഭാഷാശുദ്ധി വരുത്താന്‍ കൊടുത്ത ആളോട് പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട്, നിരവധി കള്ളവോട്ടാണ് പാലക്കാട് ചേര്‍ത്തിരിക്കുന്നത്.

 

ആത്മകഥ എഴുതാന്‍ അവകാശമുണ്ട്. പ്രസിദ്ധീകരിക്കും മുമ്പ് പാര്‍ട്ടി അനുമതി വേണം. ഞാന്‍ എഴുതി കഴിഞ്ഞിട്ടില്ല എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ഞാന്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല, കട്ടന്‍ ചായയും പരിപ്പുവടയും എന്ന എന്നെ പരിഹസിക്കുന്ന പേര് ഞാന്‍ കൊടുക്കുമോ ? എനിക്ക് ഡി.സിയുടെ പേര് പറയാന്‍ ഒരു മടിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.

Share news