പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിയ വയോധികയെ ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയ്‌ക്ക് രക്ഷയായി ഓട്ടോ ഡ്രൈവർ. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തുവീട്ടിൽ മാധവി (74) യാണ് ഡ്രൈവർ ദിലീപിന്റെ സമയോചിത ഇടപെടൽ കാരണം ‘ജീവനേ’കിയത്. തിങ്കൾ പകൽ രണ്ടരയോടെ അഗസ്ത്യൻമുഴി പാലത്തിന് സമീപമാണ് സംഭവം. മരക്കാട്ട്പുറം ഭാഗത്ത് പുഴയിൽവീണ മാധവി പുഴയിലൂടെ ഒഴുകി മൂന്ന് കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് അഗസ്ത്യൻമുഴി പാലത്തിലൂടെ വരികയായിരുന്ന ദിലീപ് കണ്ടത്.

ഉടൻ സമീപത്തുള്ള അഗ്നിരക്ഷാനിലയത്തിൽ അറയിച്ച ദിലീപ്, ഓട്ടോനിർത്തി പുഴയിലേക്ക് ചാടി വയോധികയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പിന്നാലെയെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരിൽ ചിലരും പുഴയിലേക്ക് ചാടി ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ സ്‌ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവർക്ക് കാര്യമായ പരിക്കുകളില്ല. സ്‌റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തോട്ടത്തിൻകടവ് പച്ചിലക്കാട് സ്വദേശിയാണ് ദിലീപ്.
