KOYILANDY DIARY.COM

The Perfect News Portal

അസം സ്വദേശിനിയെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം: അമ്മയോട്‌ പിണങ്ങി കഴക്കൂട്ടത്തെ വീടുവിട്ടിറങ്ങിയ അസം സ്വദേശിനിയെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കും. കുട്ടിയെ തിരിച്ചെത്തിക്കാനായി കഴക്കൂട്ടം എസ്‌ഐ വി എസ്‌ രഞ്ജിത്തിന്റെ നേതൃത്വത്തിൽ രണ്ട്‌ വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം വ്യാഴാഴ്ച വിശാഖപട്ടണത്തേക്ക്‌ പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ കൊച്ചുവേളിയിൽനിന്നുള്ള കോർബ എക്‌സ്‌പ്രസിൽ പുറപ്പെട്ട സംഘം വെള്ളിയാഴ്ച ഉച്ചയോടെ വിശാഖപട്ടണത്തെത്തി കുട്ടിയെ ഏറ്റുവാങ്ങും.

വിശാഖപട്ടണത്തെ ശിശുക്ഷേമസമിതിക്ക്‌ റിപ്പോർട്ട്‌ നൽകിയശേഷം കുട്ടിയെ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുവരുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം അസിസ്‌റ്റന്റ്‌ കമീഷണർ പി നിയാസ്‌ പറഞ്ഞു. തിരുവനന്തപുരത്ത്‌ കോടതിയിൽ ഹാജരാക്കിയശേഷമായിരിക്കും രക്ഷിതാക്കൾക്ക്‌ കുട്ടിയെ വിട്ട്‌ കൊടുക്കുക. ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയുടേയും കോടതിയുടേയും നിർദേശപ്രകാരം കുട്ടിക്ക്‌ കൗൺസിലിങ്‌ ഉൾപ്പെടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇളയ സഹോദരങ്ങളോട്‌ വഴക്കിട്ടതിന്‌ അമ്മ തല്ലിയതിനെത്തുടർന്നാണ്‌ ചൊവ്വാഴ്‌ച കുട്ടി വീടുവിട്ടിറങ്ങിയത്‌. ട്രെയിനിൽ കന്യാകുമാരിയിലെത്തി, അവിടുന്ന്‌ മറ്റൊരു ട്രെയിനിൽ സഞ്ചരിക്കവേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന്‌ ആൾ ഇന്ത്യ മലയാളി  അസോസിയേഷൻ പ്രവർത്തകരാണ്‌ 14കാരിയെ കണ്ടെത്തിയത്‌. വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ ട്രെയിനിൽ പരിശോധന നടത്തിയാണ്‌ കുട്ടിയെ കണ്ടെത്തിയതെന്ന്‌ അസോസിയേഷൻ പിആർഒ സുനിൽ കുമാർ പറഞ്ഞു.

Advertisements

മകളെ കണ്ടുപിടിച്ചതിന്‌ സംസ്ഥാന സർക്കാരിനോടും പൊലീസിനോടും മലയാളികളോടും നന്ദിപറയുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. തങ്ങളുടെ നാട്ടിലായിരുന്നെങ്കിൽ ഇതുപോലുള്ള അന്വേഷണമൊന്നും ഉണ്ടാകില്ല. ഇവിടെ സർക്കാർ ഉൾപ്പെടെ ഇടപെട്ടാണ്‌ അന്വേഷണം നടത്തിയത്‌. എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.

 

Share news