KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ തുടങ്ങിയവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് മയ്യില്‍ പൊലീസ് ചുമത്തിയത്. മനപ്പൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആര്‍. അതേസമയം, മലപ്പട്ടത്ത് പൊലീസിന്റെ വന്‍ സുരക്ഷ തുടരുകയാണ്. തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കണ്ണൂരില്‍ അസൂത്രിത ആക്രമണങ്ങളിലൂടെ സിപിഐഎം കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. കേരളത്തെ കുരുതികളമാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്തിന്റെ ഗൂഡാലോചനയാണ് മലപ്പട്ടത്ത് ഉണ്ടായതെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയാണ് പൊലീസ് കേസ്.

അതേസമയം, മലപ്പട്ടം സംഘര്‍ഷത്തിന് പിന്നാലെ ജില്ലയിലെ പലയിടങ്ങളിലും ഇന്നലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീട് സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. വീടിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു. കണ്ണൂരില്‍ എസ് എഫ് ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും അക്രമം ഉണ്ടായി. നഗരത്തിലെ കോണ്‍ഗ്രസ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.

Advertisements
Share news