തലസ്ഥാനം കാത്തിരുന്ന ആക്കുളം ഗ്ലാസ് ബ്രിഡ്ജ് നാടിന് സമർപ്പിച്ചു

തിരുവനന്തപുരം ജില്ലയിലെ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഒരുങ്ങിയ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. ഇന്ന് വൈകീട്ടോടെ ജനങ്ങള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് തുറന്ന വിവരം മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഗ്ലാസ് ബ്രിഡ്ജില്‍ നിന്നുള്ള കാഴ്ചകളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കുന്ന കാഴ്ച്ചകാര്‍ക്ക് താഴെ വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകള്‍ ആസ്വദിക്കാനാകുമെന്നതാണ് വലിയ പ്രത്യേകത. സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ ഒരു ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചതെന്ന പ്രത്യേകതയുമുണ്ട്. 50 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഒരുസമയം 20 പേര്‍ക്ക് കയറാം.

പാലം നിര്‍മിച്ചത്, യുവജന സംരംഭക സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യം രൂപീകൃതമായ സംഘങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്‍റർപ്രണേഴ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

