ഹോട്ടലുടമയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ കൊയിലാണ്ടി പോലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി

കൊയിലാണ്ടിയിൽ ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ കൊയിലാണ്ടി പോലീസ് ബാംഗ്ലൂരിൽ വെച്ച് സമർത്ഥമായി പിടികൂടി. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ ഉള്ളിലായി നന്തിഹിൽ എന്ന സ്ഥലത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്. കൊയിലാണ്ടി പന്തലായനി പൂക്കാട്ടിൽ അമൽ (34), കുറുവങ്ങാട് അഞ്ചാംകണ്ടത്തിൽ അഭിലാഷ് (35) എന്നിവരെയാണ് പിടികൂടിയത്. സെബർസെല്ലിൻ്റെ സഹായത്തോടെയാണ് കൊയിലാണ്ടി എസ്ഐ മണിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം പ്രതികളെ അതി സമർത്ഥമായി വലയിലാക്കിയത്. കൂട്ടുപ്രതികളെ പോലീസ് അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ 15-ാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിനടുത്ത് കല്ല്യാണി ബാറിനു താഴെയുള്ള അമയ ഹോട്ടൽ നടത്തുന്ന സിപിഐഎം പ്രവർത്തകനും, കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും മേഖലാ പ്രസിഡണ്ടുമായ അണേല പിലാക്കാട്ട് ഒ.ടി വിജയനെയാണ് പ്രതികൾ സംഘം ചേർന്ന് അക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രതികൾ ഹോട്ടലിനകത്തേക്ക് കയറി കഴിഞ്ഞ ദിവസംഈ പരിസരത്ത് ഞങ്ങളെ ചിലർ അക്രമിച്ചതായും അവർ ആരാണെന്ന് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹോട്ടൽ ഉടമ അവരെ അറിയില്ല എന്ന് പറഞ്ഞതോടെ നിനക്കറിയാമെന്നും പറഞ്ഞില്ലെങ്കിൽ വെച്ചേക്കില്ല എന്നും പറഞ്ഞു ക്രൂര മർദ്ദനമാണ് നടത്തിയത്.


കസേരകൊണ്ട് വീശിയടിക്കുകയും അടിയേറ്റ് താഴെ വീണ വിജയനെ പ്രതികളിലൊരാൾ അരയിൽകരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു. വിജയൻ്റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. കസേരകൊണ്ട് അടിയേറ്റ് ശരീരമാകെ ചതവുകൾ സംഭവിച്ചിട്ടുണ്ട്. അദ്ധേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ ഹോട്ടലിന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.


എസ്.ഐ. മണി, എസ്.സി.പി.ഒ.മാരായ ദിലീപ് കെ.വി, സിനിരാജ്, ഒ. കെ. സുരേേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുമായി സംഘം ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രി 11 മണിയോടെ പ്രതികളുമായി സ്റ്റേഷനിലെത്തുന്ന സംഘം രണ്ട് പ്രതികളുടെയും വൈദ്യപരിശോധനകൾ പൂർത്തിയാക്കി രാവിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.

