ശുചിമുറി മാലിന്യം ഓടയിൽ തള്ളിയ വാഹനവും പ്രതികളും പിടിയിൽ

കോഴിക്കോട്: ശുചിമുറി മാലിന്യം ഓടയിൽ തള്ളിയ വാഹനവും പ്രതികളും പിടിയിൽ. രാമനാട്ടുകര പുതുക്കുടി ദാറുസ്സലാം ഹൗസ് അബ്ദുറഹിമാൻ്റെ മകൻ അജ്മൽ (26), ഫറോക്ക് കുന്നത്തുമൊട്ട മേലെ ഇടക്കാട്ടിൽ മുസ്തഫയുടെ മകൻ അബ്ദുൽ മനാഫ് (38) എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം കോട്ടംപറമ്പ് ചേരിഞ്ചാൽ റോഡിലുള്ള മനത്താനത്ത് താഴം ബസ് സ്റ്റോപ്പിനു സമീപം ഓവ് ചാലിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ ഇവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളിൽ നിന്നും ശുചിമുറി മാലിന്യം വണ്ടിയിൽ കയറ്റി ആൾ പെരുമാറ്റം കുറഞ്ഞ പ്രദേശങ്ങളിൽ ഒഴുക്കി വിടാറാണ് ഇവരുടെ പതിവ്. ഈ പ്രാവശ്യം കൊടുവള്ളിയിൽ നിന്നും കൊണ്ടു വന്ന മാലിന്യം ഒഴുക്കുമ്പോഴാണ് പിടിയിലായത്.
