ദൈവത്തിന് നന്ദി, ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു; രാഹുലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരി
.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ വൈകാരിക പ്രതികരണവുമായി ആദ്യ പരാതിക്കാരി. ദൈവത്തിന് നന്ദിയെന്നും വേദനകൾക്കും വഞ്ചനകൾക്കും ഇടയിൽ ദൈവം അംഗീകരിച്ചുവെന്നും അതിജീവിത സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു, ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായെന്നും യുവതി പറയുന്നു.

തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന് വിശ്വസിച്ചതിന്, സ്വർഗത്തിൽ നിന്ന് മലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും അതിജീവിത കുറിച്ചു. ‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകളും, വഞ്ചനകളും അതിജീവിക്കാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായി.സ്വർഗത്തിൽ നിന്ന് മലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്. വിശ്വസിച്ചതിന്.

അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ആക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും അവർ മുക്തരാകട്ടെ. ഞങ്ങളുടെ കുഞ്ഞു മക്കളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുകയാണെങ്കിൽ, നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ലെന്ന് ആ കണ്ണുനീർ പറയും. നിങ്ങളുടെ സാന്നിധ്യം അത്രമേൽ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇനിയും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും.’ എന്നാണ് കുറിപ്പ്.

വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഇരു കേസുകളിലും രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. സമാനരീതിയിലുള്ള പരാതിയാണ് മൂന്നാമതും രാഹുലിനെതിരെ ലഭിച്ചുട്ടുള്ളത്. എന്നാൽ ഈ പരാതിയിൽ സാമ്പത്തിക ചൂഷണവും രാഹുൽ നടത്തിയെന്ന് പരാതിക്കാരി പറയുന്നുണ്ട്. ആഡംബര വസ്തുക്കൾ കൈവശപ്പെടുത്തിയെന്നും സൗന്ദര്യ വസ്തുക്കളടക്കം വാങ്ങിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ പരാതിക്ക് പിന്നാലെയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസ് ഉൾപ്പെടേയുള്ള സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനതിരെ കേസെടുത്തിരിക്കുന്നത്.



