തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം തടവ്

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊല്ലം സ്വദേശി പ്രവീണിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. ജീവപര്യന്തം കൂടാതെ ഒരു ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം.

നിലവിലുള്ള വിവാഹബന്ധം വേർപെടുത്തി ഗായത്രിയെ വിവാഹം കഴിക്കാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അതിന് തയ്യാറായിരുന്നില്ല. എന്നാൽ ഗായത്രിയുടെ നിർബന്ധപ്രകാരം ഇരുവരും നഗരത്തിലെ ഒരു പള്ളിയിൽ വെച്ച് താലി ചാർത്തി. ഈ ചിത്രങ്ങൾ ഗായത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് പ്രവീണിനെ പ്രകോപിപ്പിച്ചത്.

ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് ഗായത്രിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ പ്രവീൺ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. ഹോട്ടൽ മുറിയിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ പ്രതിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതും ശിക്ഷാവിധിക്ക് കാരണമായി.

