അധ്യാപകർക്ക് ചൂരൽ എടുക്കാം; കുട്ടികളെ തിരുത്താൻ നൽകുന്ന ശിക്ഷ കുറ്റകരമല്ലെന്ന് ഹൈക്കോടതി
.
വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ തിരുത്താനുമായി അധ്യാപകർ ചൂരൽ പ്രയോഗിക്കുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി. നല്ല ഉദ്ദേശ്യത്തോടെ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി.

തിരുവനന്തപുരം വെങ്ങാനൂരിലെ സ്കൂൾ അധ്യാപകനെതിരെ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം അധ്യാപകർക്ക് രക്ഷിതാക്കൾ നൽകുന്നതായി കണക്കാക്കാമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം.

2025 ഫെബ്രുവരി 10-ന് നടന്ന സംഭവത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. തന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചെന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എന്നാൽ, സ്കൂളിലെ അച്ചടക്കം നിലനിർത്താനും കുട്ടിയെ നേർവഴിക്ക് നടത്താനും അധ്യാപകനോ അധ്യാപികയോ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ശിക്ഷാർഹമല്ലെന്ന് കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കണമെന്ന അധ്യാപകന്റെ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ ചരിത്രപരമായ നിരീക്ഷണം നടത്തിയത്. കേരളത്തിലെ അധ്യാപകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ വിധി.



