KOYILANDY DIARY.COM

The Perfect News Portal

ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളിലെ 24 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ 24 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കാനായി രൂപീകരിച്ച സമിതിയുടെ യോഗത്തിനിടെ വിദ്യാർത്ഥികൾ ഗണിതശാസ്ത്ര അധ്യാപകനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്.

തുടർന്ന് പോക്‌സോ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ചോദ്യം ചെയ്യാനായി പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂളിൽ നടന്ന ‘ശിക്ഷ സംവാദ്’ പരിപാടിയിലാണ്, എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് പീഡനത്തെക്കുറിച്ച് പരാതി നൽകിയത്. സ്കൂളിലെ ഗണിത അധ്യാപകൻ തങ്ങളെ ലൈംഗിക ഉദ്ദേശത്തോട് കൂടി സ്പർശിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ രേഖാമൂലമാണ് പരാതി നൽകിയത്.

 

 

തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തിയപ്പോ‍ഴാണ് അവരും തങ്ങളുടെ കുട്ടികൾ നേരിട്ട മോശം അനുഭവത്തെ പറ്റി അറിഞ്ഞത്. വിവരം അറിഞ്ഞയുടനെ, മാതാപിതാക്കൾ സ്കൂൾ മാനേജ്മെന്റിനും അധ്യാപകനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റാരോപിതനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisements

 

സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ, പ്രാഥമിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഈ വിഷയത്തിൽ ഉടൻ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊഴികൾ രേഖപ്പെടുത്തിയതായും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയതായും സിർമൗറിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് യോഗേഷ് റോൾട്ട പറഞ്ഞു.

Share news