KOYILANDY DIARY.COM

The Perfect News Portal

താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവം; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്. തുടരന്വേഷണങ്ങള്‍ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം. ബ്യൂട്ടിപാര്‍ലറിന് എതിരെ ആരോപണം കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാത്തത് കാര്യങ്ങള്‍ വ്യക്തമാകാന്‍ തടസമാകുന്നുണ്ട്. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിട്ടു നല്‍കുന്നതിന് മുമ്പായി അവര്‍ക്ക് കൂടി കൗണ്‍സിലിങ് നല്‍കും.

 

ഇതിനിടെ കുട്ടികളെ കൊണ്ടുപോയ അക്ബര്‍ റഹീമിനെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസ് കസ്റ്റഡിയിലേക്ക് ഉടന്‍ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കുട്ടികളുമായി നാലു മാസം മുമ്പ് മാത്രം ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ അടുക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ഫോട്ടോകളും ചാറ്റുകളും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പുറമെ നിന്നുള്ള മറ്റാര്‍ക്കും ബന്ധമില്ലെന്ന് തന്നെയാണ് ഇപ്പോഴും പൊലീസിന്റെ പ്രാഥമിക നിഗമനം. മുംബൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ മറ്റു ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ.

Advertisements
Share news