KOYILANDY DIARY

The Perfect News Portal

താനൂർ ബോട്ടപകടം; ഡ്രൈവര്‍ ദിനേശന്‍ അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ നിന്നാണ് ദിനേശനെ പൊലീസ് പിടികൂടിയത്. അപകട ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. മലപ്പുറം പൊലീസ് മേധാവിയുടേയും താനൂര്‍ ഡിവൈഎസ്പിയുടേയും നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും.


ഞായറാഴ്ചയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. താനൂര്‍ സ്വദേശിയായ നാസറിന്റെ ഉടമസ്ഥതയിലുള്ള അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ഉടമയുടേയും ജീവനക്കാരുടേയും അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദ സഞ്ചാര ബോട്ടാക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Advertisements

നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.