KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് കസ്റ്റഡിയിൽ

കൊക്കെയ്നുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ പ്രശസ്ത തമിഴ് – തെലുങ്ക് നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ചെന്നൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടനെ നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചതായും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തിയതായും പൊലീസ് പറഞ്ഞു. നടന്‍റെ രക്തസാമ്പിളുകൾ വൈദ്യപരിശോധനയ്ക്കായി അയച്ചിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.

മുൻ എ ഐ എ ഡി എം കെ അംഗം കൂടി ഉൾപ്പെട്ട ഒരു പബ്ബിലുണ്ടായ വഴക്കിനെ തുടർന്ന് കണ്ടെത്തിയ മയക്കുമരുന്ന് ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്രീകാന്തിന്‍റെ അറസ്റ്റിൽ കലാശിച്ചത്. നിരവധിപേർ നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ പരിചിതനായ ശ്രീകാന്ത് 2002 ൽ റോജ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡ് ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കായ നൻബനിലെ വേഷം ഉൾപ്പെടെ 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 

 

അതേസമയം മയക്കുമരുന്ന് വിഷയം തമിഴ്‌നാട്ടിൽ രൂക്ഷമായ രാഷ്ട്രീയ പോരിന് തുടക്കമിട്ടിരുന്നു. പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെയും ബിജെപിയും ഭരണകക്ഷിയായ ഡിഎംകെയെ ലക്ഷ്യം വെച്ചുകൊണ്ട് ക്രമസമാധാന നില തകർന്നുവെന്ന് ആരോപിക്കുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച ഡിഎംകെ മയക്കുമരുന്ന് ശൃംഖലക്കെതിരെ അടുത്തിടെ പൊലീസ് എടുത്ത കർശന നടപടികൾ ഉയർത്തിക്കാട്ടി ഈ വാദങ്ങളെ പ്രതിരോധിക്കുകയും ചെയ്തു.

Advertisements
Share news