താലൂക്കാശുപത്രി ആംബുലൻസ് ശബരിമല ഡ്യൂട്ടിയിൽ. ഉടൻ തിരിച്ചുവിളിക്കണമെന്ന് ആവശ്യം
കൊയിലാണ്ടി താലൂക്കാശുപത്രി ആംബുലൻസ് ശബരിമല ഡ്യൂട്ടിയിൽ. ഉടൻ തിരിച്ചുവിളിക്കണമെന്ന് ആവശ്യം ശക്തം. സാധാരണക്കാരൻ്റെ ആശ്രയമായ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസാണ് രണ്ടാഴ്ചയിലേറെയായി ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി പോയിട്ടുള്ളത്. മാത്രമല്ല കൊയിലാണ്ടി പോലീസ് അറ്റൻറ് ചെയ്യുന്ന കേസുകളിൽ പോലീസുകാർ കൈയ്യിൽനിന്ന് പണം മുടക്കി സ്വകാര്യ ആംബുലൻസ് വിളിക്കേണ്ട സ്ഥിതിയാണുള്ളത്. ഈ മാസംതന്നെ ഇത്തരത്തിൽ 4 ഓളം കേസുകൾ വന്നുകഴിഞ്ഞു. ഇതിനായി സർക്കാരിൽ നിന്ന് ഒരു ഫണ്ടും കിട്ടാത്ത സ്ഥിതിയാണുള്ളത്. ദേശീയപാതയിൽ കിടക്കുന്ന ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിൽ ഇപ്പോൾ സ്വന്തമായി ഒരൊറ്റ ആംബുലൻസും ഇല്ലാത്ത സ്ഥിതിയാണുള്ളത്.

താലൂക്കാശുപത്രിയിലെ മറ്റൊരു ആംബുലൻസ് ഒരു മാസത്തിനുശേഷം വർക്ക് ഷോപ്പിൽ നിന്ന് പണി കഴിച്ച് ഇറങ്ങിയെങ്കിലും അത് റോഡിലേക്ക് ഇറക്കണമെങ്കിൽ റിന്യൂവൽ ഉൾപ്പെടെ പേപ്പർ വർക്കുകൾ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. അതിന് ഇനിയും ഒരു മാസത്തോളം സമയം എടുക്കുമെന്നാണ് അറിയുന്നത്. കെ. ദാസൻ എം.എൽ.എ ആയ സമയത്ത് അന്നത്തെ സർക്കാർ 33 ലക്ഷത്തോളം ചിലവാക്കിയാണ് ആധുനിക സൌകര്യങ്ങളോടെയുള്ള ഈ ആംബുലൻസ് വാങ്ങിയത്. ആയിരക്കണക്കിന് ആളുകളുകൾ വർഷങ്ങളായി സഹായിമായിരുന്ന ആംബുലൻസ് എല്ലാ വർഷവും ഇങ്ങനെ ശബരിമല ഡ്യൂട്ടിക്ക് പോകുന്നത് രോഗികളെ സംബന്ധിച്ച് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.


ഇതിൻ്റെ മറവിൽ സ്വകാര്യ ആംബുലൻസുകാർക്ക് ഓർഡർ ഒപ്പിച്ചുകൊടുക്കാൻ ചില ഏജൻ്റുമാരും പ്രവർത്തിക്കുന്നതായാണ് അറിയുന്നത്. അതിന് ചില ജീവനക്കാരുടെ പിന്തുണയും ഉണ്ടെന്നാണ് ആരോപണം ഉയരുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ആശുപത്രിയിൽ പി.എസ്.സി. വഴി നിയമിച്ച രണ്ട് ഡ്രൈവർമാർ ഇപ്പോൾ തൊഴിലെടുക്കാതെ വെറുതെ ഇരിക്കുന്ന സ്ഥിതിയാണുളളത്. ഇവർക്ക് ശബളം കൃത്യമായി കിട്ടുകയും ചെയ്യും. നഗരസഭയും എം.എൽ.എ.യും ഇടപെട്ട് ആംബുലൻസ് ഉടൻ തിരിച്ചുവിളിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു. ദിവസവും ആയിക്കണ രോഗികളെത്തുന്ന ആശുപത്രിയിലെ ആംബുലൻസ് മറ്റ് ആവശ്യങ്ങൾക്ക് കൊണ്ടുപോകുന്നത് നിർത്തലാക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

