KOYILANDY DIARY

The Perfect News Portal

തായ്‌വാൻ ഭൂകമ്പം; പരിക്കേറ്റവരുടെ എണ്ണം 1000 കടന്നു

തായ്‌പെ: തായ്‌വാനിലെ ഭൂകമ്പത്തിൽ പരിക്കേറ്റവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ 9 ആയി തുടരുന്നു. രണ്ട്‌ ഡസനോളം വരുന്ന ഹോട്ടൽ തൊഴിലാളികളെ ടരോക്കോ നാഷണൽ പാർക്കിനടുത്ത്‌ സുരക്ഷിതരായി കണ്ടെത്തിയിട്ടുണ്ട്‌. ഹോട്ടലിലേക്ക്‌ പോകുന്ന വഴിയായിരുന്നു ഇവർ. 1050 പേർക്ക്‌ പരിക്കേറ്റതായും 52 പേരെ കാണാതായതായും തായ്‌വാൻ ഫയർ ഡിപ്പാർട്ട്‌മെന്റ്‌ അറിയിക്കുന്നു. തലസ്ഥാനത്തെ കെട്ടിടങ്ങൾക്ക്‌ വലിയ രീതിയിൽ കുലുക്കമനുഭവപ്പെട്ടെങ്കിലും നാശനഷ്‌ടങ്ങൾ കുറവാണ്‌. 

തായ്‌വാനിൽ 25 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്‌. തലസ്ഥാനമായ തായ്‌പെയിലാണ്‌ ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ടോടെ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്‌. ഹൗളി നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ആഴത്തിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

 

ഭൂചലനത്തിനുപിന്നാലെ തായ്‌വാൻ, ജപ്പാന്റെ തെക്കൻ മേഖല, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് മീറ്റർ ഉയരത്തിൽവരെ സുനാമി തിരകളടിക്കുമെന്നായുരുന്നു മുന്നറിയിപ്പ്‌. ചൈനയുടെ കിഴക്കൻ ഫുജിയാൻ പ്രവിശ്യ, തെക്ക് ഗുവാങ്‌ഡോങ്‌ അതിർത്തി, ഹോങ്കോങ് എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്‌. അന്ന്‌ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2400ലേറെ പേർക്ക്‌ ജീവൻ നഷ്‌ടമായിരുന്നു.

Advertisements