KOYILANDY DIARY.COM

The Perfect News Portal

സ്വച്ഛ് സർവേക്ഷൺ: കൊയിലാണ്ടി നഗരസഭയ്ക്ക് തിളക്കമാർന്ന നേട്ടം

കൊയിലാണ്ടി: റാങ്കിംഗ് കുതിച്ചുയർന്നു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സർവേക്ഷൻ 2024-ന്റെ ഫലങ്ങൾ പുറത്തുവന്നപ്പോൾ, കൊയിലാണ്ടി നഗരസഭ അഭിമാനകരമായ മുന്നേറ്റം. കഴിഞ്ഞ വർഷം ദേശീയ തലത്തിൽ 2919 റാങ്കിലായിരുന്ന കൊയിലാണ്ടി, ഇത്തവണ 331 റാങ്കിലേക്ക് കുതിച്ചുയർന്നത് ഏറെ ശ്രദ്ധേയമാണ്.  മീഡിയം സിറ്റി സംസ്ഥാന തലത്തിൽ 10ാം റാങ്കിലേക്കും എത്താൻ നഗരസഭയ്ക്ക് കഴിഞ്ഞു. സർവേയുടെ ആദ്യ വർഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നിന്നിരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നായിരുന്ന കൊയിലാണ്ടി, ഈ ഗണ്യമായ പുരോഗതിയിലൂടെ മറ്റു നഗരസഭകൾക്ക് മാതൃകയായിരിക്കുകയാണ്.
.
.
ഈ മികച്ച നേട്ടത്തിന് പിന്നിൽ കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗവും ശുചിത്വ മിഷനും ചേർന്ന് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണെന്ന് അധികൃതർ അറിയിച്ചു. മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നഗരസഭ കാഴ്ചവെച്ചിരിക്കുന്നത്.
പ്രധാനമായും നഗരസഭയിലെ  വീടുകളിൽ  റിങ് കമ്പോസ്റ്റുകൾ വിതരണം ,ഓഫീസുകളിൽ റിങ് കമ്പോസ്റ്റ്, സ്കൂളുകളിൽ ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ‘കളക്ടേഴ്സ് @ സ്കൂൾ ബിന്നുകൾ’ സ്ഥാപിക്കുകയും, ശുചിത്വ നിലവാരം ഉറപ്പാക്കാൻ ശുചിത്വ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. പൊതുജനങ്ങൾക്കിടയിൽ  ശുചിത്വാവബോധം സൃഷ്ഠിക്കുന്നതിനായി  iec പ്രവർത്തങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ചുവർ ചിത്രങ്ങളും ബോർഡുകളും സ്ഥാപിച്ചു.
.
.
പൊതുസ്ഥലങ്ങളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിച്ചതും, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ തരംതിരിക്കുന്നതിനായി RRF, MCF എന്നിവിടങ്ങളിൽ കൺവെയർ ബെൽറ്റ്, സോർട്ടിംഗ് ടേബിൾ, ബെയിലിംഗ് മെഷീൻ , ഡി ഡസ്റ്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയതും ഈ വിജയത്തിന് നിർണായക പങ്ക് വഹിച്ചു. നഗരസഭയിലെ ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്‌വസ്തുക്കൾ ശേഖരിച്ച് ലൈസൻസുള്ള ഏജൻസികൾക്ക് കൈമാറുന്നതിലൂടെ മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കി.
.
.
അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ  കണ്ടെത്തുന്നതിനായി നടത്തിയ  എൻഫോഴ്സ്മെന്റ് പരിശോധിച്ച് പിഴ ഈടാക്കുകയും ചെയ്തു. മാലിന്യം നിക്ഷേപിച്ചിരുന്ന പൊതുസ്ഥലങ്ങളെ  ജന പങ്കാളിത്തത്തോടെ മികച്ച നിലവാരത്തിലുള്ള ആറ് പാർക്കുകളാക്കി മാറ്റിക്കൊണ്ടുള്ള നഗരസഭയുടെ പ്രവർത്തനം കൊയിലാണ്ടിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. നഗരസഭാ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
.
പുതിയ പൊതു ശൗചാലയങ്ങൾ നിർമ്മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്തതിലൂടെ നഗരത്തിലെ പൊതു ശുചിത്വം ഗണ്യമായി മെച്ചപ്പെട്ടു. നഗരസഭ ആരോഗ്യ വിഭാഗവും ശുചിത്വ മിഷനും ചേർന്നുള്ള നിരന്തര പരിശ്രമങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും ഫലമാണ് കൊയിലാണ്ടിക്ക് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
.
2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ മികച്ച പ്രവർത്തനത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കൊയിലാണ്ടി നഗരസഭയ്ക്ക് ഇതിനോടകം ലഭിച്ചിട്ടുള്ളതാണ്. ഈ വിജയം കൊയിലാണ്ടിയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് പറഞ്ഞു.
Share news