വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. ചെലവൂർ സ്വദേശി കരിയാമ്പറ്റ വീട്ടിൽ മിഥുൻ (28) നെ ആണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചേവായൂർ സ്റ്റേഷൻ പരിധിയിലെ ചെലവൂർ സ്വദേശിനിയുടെ വീട്ടിലേക്ക് കയ്യിൽ കത്തിയുമായി അതിക്രമിച്ച് കയറി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പരാതിക്കാരിയുടെ മകളുമായി പിരിഞ്ഞു നിൽക്കുന്ന മകളുടെ ഭർത്താവാണ് പ്രതിയായ മിഥുൻ.

മാർച്ച് 18 ന് രാത്രി 10.00 മണിക്ക് ചെലവൂരിലെ പരാതിക്കാരിയുടെ വീട്ടിലേക്ക് ലഹരിക്കടിമപ്പെട്ട് കയ്യിൽ കത്തിയുമായി അതിക്രമിച്ച് കയറിയ മകളുടെ ഭർത്താവായ പ്രതി ഭാര്യാമാതാവിനോട് വാതിൽ തുറക്കാൻ പറയുകയും, വാതിൽ തുറക്കാത്തതിലുള്ള വിരോധത്താൽ അയൽ വാസികൾ കേൾക്കെ ഉച്ചത്തിൽ ഭാര്യാമാതാവിനെ അശ്ലീല ഭാഷയിൽ തെറിവിളിക്കുകയും, വീടിന്റെ മുൻ വശത്തെ വാതിൽ ചവിട്ടി പൊളിക്കുകയും, ജനലിന്റെ ഗ്ലാസ് പൊട്ടിച്ച് ജനലിലൂടെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിൻെറ പോർച്ചിൽ നിർത്തിയിട്ടിരുന്ന പരാതിക്കാരിയുടെ കാറിന്റെ ടയറുകൾ കുത്തിക്കീറുകയും, കാറിന്റെ ബോഡിയിൽ കത്തി കൊണ്ട് വരഞ്ഞ് കേടുവരുത്തി കാറിന് 50,000 രൂപയുടെ നാശ നഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു.

പ്രതിയിക്കെതിരെ പന്നിയങ്കര പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനത്തിന് കേസ്സ് നിലവിലുണ്ടെന്നും, പ്രതി ആർമിയിൽ നിന്നും ഒൻപത് മാസം മുൻപ് ലീവിന് വന്നതിന് ശേഷം തിരികെ പോകാതെ ലഹരിയ്ക്ക് അടിമപ്പെട്ട് നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്, SI മാരായ നിമിൻ കെ. ദിവാകരൻ, വിനോദ്, മൻമദൻ, ASI ദീപക്, SCPO വിനോദ് എന്നിവർ ചേർന്ന് പ്രതിയെ ചെലവൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
