വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം: എം എ ബേബി
വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസ് ഒരു നിഗൂഢ സംഘടനയാണ്. കുട്ടികളെ കൊണ്ട് കൊലച്ചോറു വാരിക്കുകയാണ്. നടന്നത് രാഷ്ട്ര വിരുദ്ധമായ പ്രവർത്തനമാണെന്നും എം എ ബേബി പറഞ്ഞു. ഇത് ദേശഭക്തി ഗാനം ആണെങ്കിൽ ആർ എസ് എസുകാർ പാടിക്കോട്ടെയെന്നും സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.

അതേസമയം, വന്ദേഭാരത് ട്രയിനിലെ ഔദ്യോഗിക ചടങ്ങിൽ വിദ്യാർഥികളെകൊണ്ട് ഗണഗീതം പാടിപ്പിച്ചത് ശരിയല്ലെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർഥികളെ കൊണ്ട് പാടിപ്പിച്ചത് സ്കൂളാണ്. ചടങ്ങ് സംഘടിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റെയിൽവേ ബിജെപിയുടെ തറവാട്ട് സ്വത്തല്ല. ആർ എസ് എസ് തീവ്രവാദ സംഘടന തന്നെയാണ്. ഗാന്ധിജിയെ കൊന്നവരാണ് ആർ എസ് സെസുകാർ. സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികൾ ആർ.എസ് എസ് ൻ്റെ ഗണഗീതം പാടാനുള്ള വേദിയല്ല എന്നും മന്ത്രി പറഞ്ഞു.




