KOYILANDY DIARY.COM

The Perfect News Portal

സ്വവർഗ വിവാഹങ്ങൾക്ക്‌ നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക്‌ നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ നാല്‌ വ്യത്യസ്‌ത വിധികളാണ്‌ പ്രഖ്യാപിച്ചത്‌. ചില കാര്യങ്ങളിൽ അഞ്ചംഗ ബെഞ്ചിലെ ജഡ്‌ജിമാർക്കിടയിൽ ഭിന്നതയുണ്ടായി. എന്നാൽ സ്വവർഗ ദമ്പതികളുടെ ബന്ധത്തിന്‌ വിവാഹം എന്ന നിലയിലുള്ള നിയമാവകാശം നൽകാതെ തന്നെ അവരുടെ അവകാശങ്ങളും ആനുകൂല്ല്യങ്ങളും പരിഗണിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കുന്ന കാര്യത്തിൽ ജഡ്‌ജിമാർ യോജിച്ചു.

ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവർ ഓരോ വിധിന്യായവും ചീഫ് ജസ്റ്റിസും സഞ്ജയ് കിഷൻ കൗളും ചേർന്ന്‌ മറ്റൊരു വിധിയുമാണ്‌ പ്രസ്‌താവിച്ചത്‌. സ്വവർഗാനുരാഗികൾക്ക് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ കഴിയില്ല. ഈ കാര്യത്തിൽ 5 ജഡ്ജിമാരും യോജിക്കുന്നു. സിവിൽ യൂണിയനാകാമെന്ന് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ്‌കിഷൻ കൗളും അവരുടെ വിധിയിൽ പറഞ്ഞു. സിവിൽ യൂണിയനും അംഗീകാരമില്ലെന്ന് മറ്റ് മൂന്ന് ജഡ്ജിമാർ. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം അംഗീകാരം നൽകാൻ കഴിയില്ല. സിവിൽ യൂണിയനും പറ്റില്ല. ദത്തെടുക്കാനും കഴിയില്ല.

 

സ്വവർഗ ലെെംഗികത നഗരസങ്കൽപ്പമോ വരേണ്യവർഗ സങ്കൽപ്പമോ അല്ലെന്നും അത്  തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയിൽ പറഞ്ഞു. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്‌ടമാണ്. ആർട്ടിക്കിൾ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്പെഷ്യൽ മാരേജ് ആക്‌ടി‌ലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് അത് അംഗീകരിക്കുന്നത്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. ആക്‌ടി‌ൽ മാറ്റം വരുത്തണമോയെന്ന് പാർലമെൻറിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ്  പറഞ്ഞു.

Advertisements

ഭരണഘടനാ ബെഞ്ച് 10 ദിവസത്തെ മാരത്തൺ ഹിയറിംഗിന് ശേഷം മെയ് 11 ന് ഹർജികളിൽ വിധി പറയുന്നത് മാറ്റിവച്ചതായിരുന്നു. സ്വവർഗദമ്പതികൾ, ട്രാൻസ്‌ജെൻഡർ ആക്‌ടിവിസ്റ്റുകൾ, സാമൂഹ്യസംഘടനകൾ തുടങ്ങി വിവിധ കക്ഷികൾ നൽകിയ 20 ഹർജികളാണ് പരിഗണിച്ചത്‌. സ്‌പെഷ്യൽ മാരേജ്‌ ആക്‌ട്‌, ഹിന്ദു മാരേജ്‌ ആക്‌ട്‌, ഫോറിൻ മാരേജ്‌ ആക്‌ട്‌ തുടങ്ങിയ നിയമങ്ങൾ സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകാത്തത്‌ ചോദ്യം ചെയ്‌താണ്‌ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, സ്‌പെഷ്യൽ മാരേജ്‌ ആക്‌ട്‌ പ്രകാരം ഇത്തരം വിവാഹങ്ങൾക്ക്‌ നിയമസാധുത ഇല്ലാത്ത വസ്‌തുത മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന്‌ വാദം കേൾക്കലിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

 

 

Share news