വോട്ട് എണ്ണുമ്പോള്‍ വി.വി.പാറ്റ് കൂടി എണ്ണണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്
വോട്ട് എണ്ണുമ്പോള്‍ വി.വി.പാറ്റ് കൂടി എണ്ണണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. നിലവില്‍ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത അഞ്ച് ഇ.വി. എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്എ ണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവി പാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇ വി എം മെഷിനുകളെ കുറിച്ച് വലിയ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ വിവി പാറ്റുകള്‍ കൂടി എണ്ണണമെന്ന ആവശ്യവും ശക്തമാകുന്നത്. വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് സമ്മതിദായകര്‍ക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ രസീത് സംവിധാനമാണ് വി.വി പാറ്റ്. നിലവില്‍ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷിനിലെ വി.വി പാറ്റ് മാത്രമാണ് എണ്ണുന്നത്. ഈ രീതി മാറ്റി മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്. അഭിഭാഷകനായ അരുണ്‍ കുമാര്‍ അഗര്‍വാളാണ് കോടതിയെ സമീപിച്ചത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച സമാന ഹര്‍ജിക്കൊപ്പം അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയും പരിഗണിച്ചാണ് ബെഞ്ച് ഉത്തരവിറക്കിയത്.