ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി

ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍ ആരാണ് നിരീക്ഷിക്കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞു.

GRAP നാലാം ഘട്ടം ഇന്ന് നടപ്പാക്കിയിട്ടുണ്ടെന്ന് കോടതിയിൽ ദില്ലി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വായുമലിനീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അദിഷി മര്‍ലേന ആരോപിച്ചു. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നു. ഇവ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദിഷി ആരോപിച്ചു.

വായുമലിനീകരണതോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശങ്ങളാണ് സുപ്രീംകോടതി ദില്ലി സർക്കാരിന് നൽകിയിരിക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെ GRAP 4 പിൻവലിക്കരുതെന്ന് നിർദേശിച്ചു. എയർ ക്വാളിറ്റി ഇൻഡക്സിൽ 300 താഴെ പോയാലും സ്റ്റേജ് 4 പിൻവലിക്കാൻ കോടതിയുടെ അനുമതി വേണമെന്നും നിർദേശിച്ചു.

GRAP 3 നടപ്പിലാക്കിയിട്ടുണ്ടെന്നും നാലുദിവസത്തിനുള്ളിൽ മലിനീകരണത്തോട് കുറയുമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. മലിനീകരണത്തോത് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നതായി കേന്ദ്രം കോടതിയിൽ പറഞ്ഞു. ഗുരുതരമായ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിനെ ആശ്രയിക്കാൻ ആകുമോ എന്നാണ് സുപ്രീംകോടതി തിരികെ കേന്ദ്രത്തോട് ചോദിച്ചത്. സ്റ്റേജ് 3 നടപ്പാക്കാൻ വൈകിയതെന്തെന്നും സുപ്രീംകോടതി ആരാഞ്ഞു.

