KOYILANDY DIARY

The Perfect News Portal

സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം

സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മത്സരം. കുവൈത്താണ് എതിരാളികൾ.

ലോക ഫുട്ബാളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് സുനില്‍ ഛേത്രിയാണ്. ഛേത്രിക്ക് മുന്നില്‍ രണ്ടു പേര് മാത്രം. സാക്ഷാല്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. 39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി. മെയ് 16നാണ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ട് സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഈ തീരുമാനം അറിയിച്ചത്. ”ഇതെന്റെ അവസാനത്തെ മത്സരമാണെന്ന് ഞാൻ തീരുമാനിച്ചു. ഈ വിവരം എന്റെ തീരുമാനം വീട്ടുകാരോട് പറഞ്ഞു. അച്ഛന്റെ പ്രതികരണം എപ്പോഴത്തെയും പോലെ സാധാരണമായിരുന്നു. ആശ്വാസവും സന്തോഷവും എല്ലാം അദ്ദേഹത്തിന്റെ മുഖത്ത് കണ്ടു. പക്ഷേ, ഞാൻ ഈ വിവരം പറഞ്ഞപ്പോൾ ഭാര്യയുടെ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു.

Advertisements

 

‘നിരവധി മത്സരങ്ങൾ ഉണ്ടെന്നും സമ്മർദ്ദം കൂടുതലാണെന്നും ഞാൻ നിന്നോട് എപ്പോഴും പറയാറുണ്ടായിരുന്നു. ഈ മത്സരത്തിനു ശേഷം ഇനി ഞാൻ രാജ്യത്തിന് വേണ്ടി കളിക്കാൻ പോകുന്നില്ലെന്ന് നിന്നോട് പറയുന്നു’. ഇതുകേട്ടതും അവൾ കരയാൻ തുടങ്ങി. ഇതെന്റെ അവസാന മത്സരമാണെന്നത് ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഈ തീരുമാനത്തിനുശേഷം ഞാൻ ദുഃഖിതനായിരുന്നു. ചില ദിവസങ്ങളിൽ ഞാൻ വളരെയധികം വിഷമിച്ചുവെന്നത് സത്യമാണ്,” സുനിൽ ഛേത്രി വീഡിയോയിൽ പറഞ്ഞു.