KOYILANDY DIARY.COM

The Perfect News Portal

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പുകൾ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

.

കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്.

 

വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര നാല് വര്‍ഷം മുന്‍പും വൈഷ്ണവി ഒന്നര വര്‍ഷം മുന്‍പും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ഇരുവരുടെയും പോക്കറ്റില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisements

 

വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്. പുലര്‍ച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോള്‍ ഇരുവരും എത്തിയിരുന്നില്ല. തുടര്‍ന്ന് സെക്യൂരിറ്റിയും പരിശീലകരും അന്വേഷിച്ച് സാന്ദ്രയുടെ മുറിയില്‍ എത്തിയപ്പോള്‍ മുറി ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരുന്നതായി കണ്ടെത്തി. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ആണ് ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കൊല്ലം തഹസില്‍ദാര്‍ സ്ഥലത്തെത്തി പൊലീസിന്റെയും സയന്റിഫിക് അസിസ്റ്റന്റിന്റെയും സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ഇന്‍ക്വസ്റ്റിനിടയിലാണ് ഇരു കുട്ടികളുടെയും പോക്കറ്റുകളില്‍ നിന്ന് ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തത്. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സാന്ദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു പൂര്‍ത്തിയാക്കി വൈകിട്ടു സംസ്‌കാരം നടത്തും.

കല്ലുവാതുക്കലില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ വൈഷ്ണവി പങ്കാളിയായ ടീം വിജയിച്ചിരുന്നു. അതിന്റെ ആവേശത്തിലായിരുന്നു വൈഷ്ണവി എന്നാണ് പരിശീലകര്‍ പറയുന്നത്. സാന്ദ്രയും വൈഷ്ണവിയും കായിക രംഗത്ത് മാത്രമല്ല പഠനത്തിലും മുന്നിലായിരുന്നു. കുട്ടികളുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മരിച്ച കുട്ടികളുടെ മുറിയിലെ താമസക്കാരായ കുട്ടികള്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, പരിശീലകര്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി സിറ്റി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അതിന്റെ വിവരങ്ങള്‍ കൂടി ശേഖരിച്ചു സംഭവമായി നേരിട്ടും അല്ലാതെയും വിശദമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് വ്യക്തമാക്കി.

 

സായ് ഹോസ്റ്റലിലെ അവസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്ന ആരോപണവുമായി നേരത്തെ സായ് പരിശീലകനായിരുന്ന ഒളിംപ്യന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കുട്ടികളുടെ മരണ വിവരമറിഞ്ഞ് മറ്റ് കുട്ടികളുടെ മാതാപിതാക്കളും പരിശീലകരും എത്തിയിരുന്നു.ഇവരെ അകത്തേക്ക് കടത്തിവിടാതിരുന്നത് സംഘര്‍ഷത്തിന് ഇടയാക്കി.

 

സംഭവം അറിഞ്ഞപ്പോള്‍ തന്നെ കൊല്ലം കലക്ടര്‍ എന്‍. ദേവീദാസും സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നു സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹന്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജനല്‍ ഡയറക്ടര്‍ വിഷ്ണു സുധാകരന്‍ രാത്രി തന്നെ എത്തിച്ചേര്‍ന്നിരുന്നു.

Share news