ശ്വാസംമുട്ടി രാജ്യ തലസ്ഥാനം: ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം

.
രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണത്തിൻ്റെ തോത് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഹരിത പടക്കങ്ങൾക്ക് അനുമതി നൽകിയെങ്കിലും പടക്കങ്ങളുടെ അമിത ഉപയോഗവും നിരോധിത പടക്കങ്ങളുടെ രഹസ്യ വില്‍പ്പനയും വായു മലിനീകരണം ഉയരാൻ കാരണമാകുന്നതാണ്. മയൂർ വിഹാർ, ആനന്ദ് വിഹാർ എന്നീ മേഖലകളിൽ 300നു മുകളിലാണ് വായു ഗുണനിലവാര സൂചിക ഇന്നലെ രേഖപ്പെടുത്തിയത്. ദീപാവലിക്ക് പിന്നാലെ വായുഗുണനിലവാര സൂചിക ഏറ്റവും മോശം സ്ഥിതിയിൽ എത്തിയാൽ കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള നീക്കത്തിലാണ് ദില്ലി സർക്കാർ.

അതേസമയം, ദീപാവലി പ്രമാണിച്ച് ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളിലും തെരുവുകച്ചവട കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കം പൊട്ടിക്കുന്നതിനൊപ്പം തന്നെ കൂടുതൽ വാഹനങ്ങൾ റോഡിലിറങ്ങുന്നത് വായു മലിനീകരണം വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി സമയക്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള ആഘോഷമാണ് ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്നത്. ഇതാണ് വായു മലിനീകരണം രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തല്‍.

രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് ദില്ലിയില്‍ (എൻ സി ആർ) പടക്കം പൊട്ടിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ദീപാവലിയുടെ തലേദിവസമായ ഇന്നലെയും ദീപാവലി ദിവസമായ ഇന്നുമാണ് പടക്കം പൊട്ടിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്.

