വേടന്റെ പാട്ടിനെതിരെ പരാതി നല്‍കിയവരില്‍ ബിജെപിക്കൊപ്പം എസ്‌യുസിഐയും

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കണമെന്ന പരാതിക്ക് പിന്നിൽ ബിജെപിക്കൊപ്പം നിന്ന് എസ്‍യുസിഐ സംഘടനയായ സേവ് യൂണിവേഴ്സിറ്റി ഫോറം. ബിജെപിയും എസ്‍യുസിഐയുടെ നേതൃത്വത്തിലുള്ള സേവ് യൂണിവേഴ്സിറ്റി ഫോറവും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതി വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് ഒഴിവാക്കാൻ ശുപാർശ ചെയ്തത്.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വേടന്റെ പാട്ട് പിൻവലിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്. സേവ് യൂണിവേഴ്സിറ്റി ഫോറം, ബിജെപി സിൻഡിക്കേറ്റ് അംഗം അനുരാജ് എ കെ, ബിജെപി സെനറ്റ് അംഗം എ വി ഹരീഷ്, ബിജെപി അനുഭാവികളായ അഭിഷേക് പള്ളിക്കര, രാജീവ് കുമാർ വിടി എന്നിവരാണ് വേടന്റെ പാട്ടിനെ എതിർത്തത്.

നേരത്തെ വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ സിലബസിൽ നിന്നും ഒഴിവാക്കാനായിരുന്നു വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.

എന്നാൽ ബി എ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തത്. വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റിലെ ബിജെപി അംഗം എ കെ അനുരാജ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ചാൻസലറുടെ നിർദേശ പ്രകാരം വി സി ഡോ. പി രവീന്ദ്രൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

