അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം

മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം. സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാർ വിദ്യാർത്ഥിയെ ഇടിച്ച് പരുക്കേൽപ്പിച്ചു എന്നാണ് പരാതി. ആശുപത്രിയിൽ അപകട വിവരം മറച്ചുവെച്ചു എന്നും വിദ്യാർത്ഥികൾ പറഞ്ഞു. പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്ന് കുട്ടികൾ ആരോപിച്ചു.

കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായി വിദ്യാർത്ഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർത്ഥിയുടെ ഒരു ശസ്ത്രക്രിയ നടത്തിയെന്നും ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കഴിഞ്ഞ 13-ാം തീയതിയാണ് അപകടം നടക്കുന്നത്. സ്കൂളിലെ വോളിബോൾ ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. 15കാരിയായ മിർസ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്.

വിദ്യാർത്ഥിയുടെ രണ്ട് കാലുകൾക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതവും ഏറ്റിട്ടുണ്ട്. കോയമ്പത്തൂരിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സംഭവത്തിൽ ഇന്ന് രാവിലെ മുതലാണ് ക്ലാസിൽ കയറാതെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശക്തമായ നടപടിയാണ് വിഷയത്തിൽ വേണ്ടതെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.

